കാണ്‍പുര്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച കാണ്‍പുരില്‍ ആരംഭിക്കാനിരിക്കെ, ഓപ്പണര്‍ കെ.എല്‍. രാഹുല്‍ പരുക്കേറ്റ് ടീമിന് പുറത്ത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ബിസിസിഐ ഇത് സ്ഥിരീകരിച്ചു. വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ഈ മത്സരത്തില്‍ കളിക്കാത്തതിനാല്‍, രാഹുലിന്റെ പരുക്ക് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്.
രണ്ടു ടെസ്റ്റുകളിലും രാഹുലിനു കളിക്കാനാകില്ലെന്ന് ബിസിസിഐ അറിയിച്ചു. ഇടതു കാല്‍ത്തുടയിലെ മസിലിനേറ്റ പരുക്കാണ് രാഹുലിന് വിനയായത്. അടുത്ത മാസം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുന്നോടിയായി കായികക്ഷമത വീണ്ടെടുക്കുന്നതിന് രാഹുല്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) ചികിത്സ തേടും.
രാഹുലിന്റെ പകരക്കാരനായി ഇന്ത്യന്‍ ട്വന്റി20 ടീമില്‍ അംഗമായിരുന്ന സൂര്യകുമാര്‍ യാദവിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റില്‍ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത താരമാണ് സൂര്യകുമാര്‍.
ട്വന്റി20 പരമ്പരയില്‍ മികച്ച ഫോമിലായിരുന്ന രാഹുല്‍, ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര ഉറപ്പാക്കിയതിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നടന്ന മൂന്നാം ട്വന്റി20യില്‍ കളിച്ചിരുന്നില്ല. പകരം ഇഷാന്‍ കിഷനാണ് രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണറായി എത്തിയത്. ഇതിനു പിന്നാലെയാണ് താരം പരുക്കേറ്റ് ടെസ്റ്റ് പരമ്പരയില്‍നിന്ന് പുറത്തായത്.