രാജ്കോട്ട്: നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം രഞ്ജി ട്രോഫിയിലേക്കുള്ള തിരിച്ചുവരവില്‍ മേഘാലയയ്ക്കെതിരായ മത്സരത്തില്‍ കേരളത്തിനായി ആദ്യ വിക്കറ്റ് നേടിയ മലയാളി താരം എസ്. ശ്രീശാന്തിന്റെ ആഘോഷ വിഡിയോ വൈറലാകുന്നു. മേഘാലയയ്ക്കെതിരായ മത്സരത്തിലെ വിക്കറ്റ് നേട്ടത്തിന്റെയും ആഘോഷത്തിന്റെയും വിഡിയോ ശ്രീശാന്ത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഫെബ്രുവരി 17 മുതല്‍ 20 വരെ രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ബോളര്‍മാരും ബാറ്റര്‍മാരും ഒരുപോലെ തിളങ്ങിയ മത്സരം കേരളം ഇന്നിങ്സിനും 166 റണ്‍സിനും ജയിച്ചിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയയുടെ ആര്യന് ബോറയെ പുറത്താക്കിയാണ് ശ്രീശാന്ത് ഒന്‍പതു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം രഞ്ജി ട്രോഫിയിലെ ആദ്യ വിക്കറ്റ് നേടിയത്. എട്ടാമനായി കളത്തിലെത്തിയ ബോറയെ ശ്രീശാന്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. 14 പന്തില്‍ ഒരു റണ്‍ മാത്രമെടുത്തായിരുന്നു ബോറയുടെ മടക്കം. വിക്കറ്റ് വീഴ്ത്തിയതിനു പിന്നാലെ പിച്ചില്‍ കമിഴ്ന്നു കിടന്നാണ് ശ്രീശാന്ത് ആഘോഷിച്ചത്. ഇടവേളയ്ക്കു ശേഷമുള്ള വിക്കറ്റ് നേട്ടത്തിന് പിച്ചിനു പ്രണാമമര്‍പ്പിക്കുകയായിരുന്നു താനെന്ന് ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.
Now that’s my 1st wicket after 9 long years..gods grace I was just over joyed and giving my Pranaam to the wicket ..❤️❤️❤️❤️❤️❤️❤️ #grateful #cricket #ketalacricket #bcci #india #Priceless pic.twitter.com/53JkZVUhoG
— Sreesanth (@sreesanth36) March 2, 2022