ധാക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെ വിറപ്പിച്ചു വിട്ട തായ്‌ലന്‍ഡിനെ ‘കളി പഠിപ്പിച്ച്’ ഇന്ത്യന്‍ വനിതകള്‍. ഒന്‍പതു വിക്കറ്റിന്റെ ഗംഭീര വിജയമാണു ടീം ഇന്ത്യ തായ്‌ലന്‍ഡിനെതിരെ സ്വന്തമാക്കിയത്. ജയത്തോടെ ഇന്ത്യ സെമി ഉറപ്പിച്ചു. ടോസ് നേടിയ ഇന്ത്യ തായ്‌ലന്‍ഡിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ക്യാപ്റ്റന്‍ സ്മൃതി മന്ഥനയുടെ പ്ലാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ അതേപടി നടപ്പാക്കി. 37 റണ്‍സിനാണ് ഇന്ത്യ തായ് വനിതകളെ പുറത്താക്കിയത്. തായ്‌ലന്‍ഡിന്റെ പത്ത് താരങ്ങള്‍ക്കു രണ്ടക്കം കടക്കാന്‍ പോലും സാധിച്ചില്ല.
19 പന്തുകള്‍ നേരിട്ട് 12 റണ്‍സെടുത്ത ഓപ്പണര്‍ നനാപത് കൊഞ്ചരോകായ് ആണ് അവരുടെ ടോപ് സ്‌കോറര്‍. 13 റണ്‍സുവരെ വിക്കറ്റു വീഴാതെ പിടിച്ചുനിന്ന തായ്‌ലന്‍ഡ് താരങ്ങള്‍ പിന്നീട് ഒന്നിനു പിറകേ ഒന്നായി കൂടാരം കയറി. ഇന്ത്യയ്ക്കായി സ്‌നേഹ് റാണ മൂന്നു വിക്കറ്റു വീഴ്ത്തിയപ്പോള്‍ രാജേശ്വരി ഗെയ്ക്വാദ്, ദീപ്തി ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റു വീതം നേടി. മേഘ്‌ന സിങ് ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് എളുപ്പമായിരുന്നു കാര്യങ്ങള്‍. ഒരു വിക്കറ്റു മാത്രം നഷ്ടപ്പെടുത്തി ആറ് ഓവറില്‍ ഇന്ത്യ വിജയം സ്വന്തമാക്കി. എട്ട് റണ്‍സെടുത്ത ഓപ്പണര്‍ ഷെഫാലി വര്‍മയാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. സബിനേനി മേഘ്‌ന (18 പന്തില്‍ 20), പൂജ വാസ്ത്രകര്‍ (12 പന്തില്‍ 12) എന്നിവര്‍ പുറത്താകാതെ നിന്നു. ആറ് മത്സരങ്ങളില്‍ അഞ്ചും ജയിച്ച ഇന്ത്യ പത്ത് പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ്.