കൊല്‍ക്കത്ത: ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡില്‍നിന്ന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍നിന്നു പിന്‍മാറി ഷാക്കിബ് അല്‍ ഹസന്‍. ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി സീസണിലെ മുഴുവന്‍ മത്സരങ്ങളും ഷാക്കിബിന് കളിക്കാന്‍ സാധിക്കില്ലെന്ന് ബംഗ്ലദേശ് ബോര്‍ഡ് അറിയിച്ചതോടെയാണു തീരുമാനം. മറ്റൊരു ബംഗ്ലദേശ് താരമായ ലിറ്റന്‍ദാസ് മെയ് ഒന്നു വരെ ഐപിഎല്ലില്‍ തുടരും. അയര്‍ലന്‍ഡുമായി ബംഗ്ലദേശിന് ഏകദിന പരമ്പര കളിക്കാനുള്ളതിനാലാണ് ബംഗ്ലദേശ് താരങ്ങളുടെ പിന്‍മാറ്റം.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കടക്കം പരുക്കുള്ളതിനാല്‍ ബംഗ്ലദേശ് താരങ്ങള്‍ സീസണിലെ മുഴുവന്‍ മത്സരങ്ങളും കളിക്കണമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സീസണ്‍ മുഴുവന്‍ താരങ്ങളെ അനുവദിക്കാനാകില്ലെന്ന നിലപാടില്‍ തുടരുകയാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഈ സാഹചര്യത്തിലാണ് ഷാക്കിബ് അല്‍ ഹസന്റെ പിന്‍മാറ്റം. ഇംഗ്ലിഷ് ബാറ്ററായ ജേസണ്‍ റോയിയെ കൊല്‍ക്കത്ത പുതുതായി ടീമിലെത്തിച്ചിട്ടുണ്ട്.
കൊച്ചിയില്‍ നടന്ന മിനി ലേലത്തില്‍ 1.5 കോടിയായിരുന്നു ജേസണ്‍ റോയിയുടെ അടിസ്ഥാന വില. 2.8 കോടി രൂപ മുടക്കിയാണ് ജേസണ്‍ റോയിയെ കൊല്‍ക്കത്ത ടീമിലേക്കെത്തിച്ചത്. 2021 ലാണ് ജേസണ്‍ റോയി അവസാനമായി ഐപിഎല്‍ കളിച്ചത്. കഴിഞ്ഞ വര്‍ഷം താരത്തെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയിരുന്നെങ്കിലും താരം ഇന്ത്യയിലേക്കു കളിക്കാനെത്തിയിരുന്നില്ല. 2021 ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്ന ജേസണ്‍ റോയ് അഞ്ച് കളികളില്‍നിന്ന് 150 റണ്‍സാണു നേടിയത്. ഐപിഎല്‍ 2023 സീസണിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത, പഞ്ചാബ് കിങ്‌സിനോട് ഏഴു റണ്‍സിനു തോറ്റിരുന്നു.