കൊളംബോ: രാജിവച്ച ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ വീട് കത്തിച്ച് പ്രക്ഷോഭകാരികള്‍. മഹിന്ദ, പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയ്ക്കു രാജി സമര്‍പ്പിച്ചതിനു തൊട്ടുപിന്നാലെയാണ് കുരുനെഗല നഗരത്തിലെ വീട് പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയത്. മഹിന്ദയുടെ സ്വകാര്യ വസതിയാണിത്.
ശ്രീലങ്കയില്‍ സര്‍ക്കാര്‍ അനുകൂലികളും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. പ്രതിഷേധം കൂടുതല്‍ ഇടങ്ങളിലേക്കു വ്യാപിക്കുകയാണെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലങ്കയിലെ മൊറാട്ടുവ മേയര്‍ സമന്‍ ലാല്‍ ഫെര്‍നാണ്ടോ, എംപിമാരായ സനത് നിഷാന്ത, രമേഷ് പതിരന, മഹിപാല ഹെറാത്, തിസ കുറ്റിയറച്ചി, നിമല്‍ ലാന്‍സ എന്നിവരുടെ ഔദ്യോഗിക വസതികള്‍ക്കു പ്രക്ഷോഭകാരികള്‍ തീയിട്ടു.
ശ്രീലങ്കയിലെ ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമന (എസ്എല്‍പിപി) പാര്‍ട്ടിയുടെ എംപിമാരെ ഐയുഎസ്എഫ് വിദ്യാര്‍ഥികള്‍ ആക്രമിച്ചു. പാര്‍ട്ടിയുടെ ഓഫിസുകളും അഗ്‌നിക്കിരയാക്കി.