കൊളംബോ: ജനരോഷം ഭയന്ന് അയല്‍ രാജ്യത്ത് എവിടെയെങ്കിലും അഭയം തേടാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ നെട്ടോട്ടം. ബുധനാഴ്ച പുലര്‍ച്ചെ മാലദ്വീപിലെത്തിയ ഗോട്ട അവിടെയും പ്രതിഷേധം ശക്തമായതോടെയാണ് ഒരു പകല്‍ നീണ്ട സസ്പെന്സിനു ശേഷം സിംഗപ്പൂരിലേക്കു പറന്നത്. ആദ്യം അമേരിക്കന്‍ വീസക്ക് ശ്രമിച്ച ഗോട്ടയ്ക്ക് ആ വഴി അടഞ്ഞതോടെ യുഎഇയിലേക്കു പോകാനായിരുന്നു പ്ലാന്‍.
ശനിയാഴ്ചത്തെ കലാപത്തിനു മുന്നോടിയായി ഹെലികോപ്റ്ററില്‍ വടക്കന്‍ ലങ്കയിലെ കിളിനോച്ചിയിലേക്കാണ് ഗോട്ട കടന്നത്. ഇവിടെ നിന്ന് തിങ്കളാഴ്ച രാത്രി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയെങ്കിലും അകത്തു കടന്നില്ല. ഇളയ സഹോദരന് ബേസില്‍ രാജപക്സെയെ ഇതിനിടെ വിമാനത്താവളത്തില്‍ നിന്നു മടക്കിവിട്ടെന്ന വാര്‍ത്ത വന്നതോടെ വിമാനത്താവളം വഴിയുള്ള യാത്രാ പദ്ധതി ഗോട്ട ഉപേക്ഷിച്ചു. സ്പീക്കര്‍ക്ക് കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത രാജിക്കത്തും പോക്കറ്റിലിട്ടായിരുന്നു ഗോട്ടയുടെ പരക്കംപാച്ചില്‍. പദവി രാജിവച്ചാല്‍ ഔദ്യോഗിക പരിരക്ഷ ലഭിക്കില്ലെന്നും ഭയന്നു.
ബുധനാഴ്ച പുലര്‍ച്ചെ 3 മണിക്കാണ് കൊളംബോയില്‍ നിന്ന് വ്യോമസേനയുടെ എഎന്‍ 32 വിമാനത്തില്‍ ഗോട്ടബയ രാജപക്സെയും ഭാര്യയും ഉള്‍പ്പെടെ 13 പേര് മാലദ്വീപിലെത്തിയത്. വെലാന വിമാനത്താവളത്തിലെത്തിയ ഗോട്ടയെ റിസോര്‍ട്ടിലേക്ക് മാറ്റി. മാലദ്വീപിലെ മുന്‍ പ്രസിഡന്റും ഇപ്പോള്‍ പാര്‍ലമെന്റ് സ്പീക്കറുമായ മുഹമ്മദ് നഷീദാണ് ഗോട്ടയ്ക്ക് സഹായഹസ്തം നീട്ടിയത്. ഗോട്ടബയ ഇപ്പോഴും ശ്രീലങ്കയുടെ പ്രസിഡന്റാണെന്നും രാജ്യം സന്ദര്ശിക്കണമെന്നഭ്യര്ഥിച്ചാല് നിരാകരിക്കാനാകില്ലെന്നുമാണ് മാലദ്വീപ് സര്‍ക്കാരിന്റെ നിലപാട്.