കൊച്ചി: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പഠനരംഗത്തുണ്ടായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ചോദ്യക്കടലാസ് പാറ്റേണില്‍ മാറ്റംവരുത്തുമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കാതെ ചോദ്യക്കടലാസ് തയ്യാറാക്കുന്നെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ഞാറയ്ക്കല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് ഡെന്നി വര്‍ഗീസ്, ഗോപാലകൃഷ്ണന് എന്നിവര്‍ നല്കിയ ഹര്‍ജി ജസ്റ്റിസ് മുരളി പുരുഷോത്തമന് ഫെബ്രുവരി നാലിനു വീണ്ടും പരിഗണിക്കും.
പാഠഭാഗങ്ങളില്‍ 60 ശതമാനം ഭാഗം ഫോക്കസ് ഏരിയയാക്കി നിശ്ചയിക്കുമെന്നും ചോദ്യക്കടലാസിലെ 70 ശതമാനം ചോദ്യങ്ങളും ഈ ഭാഗത്തുനിന്ന് മതിയെന്നും വ്യക്തമാക്കി ഡിസംബര്‍ 16-നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കൂടാതെ, 50 ശതമാനം മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ചോയ്സായി അധികം നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ചോദ്യക്കടലാസ് തയ്യാറാക്കുന്ന ശില്പശാല കഴിഞ്ഞതോടെ ഇതൊന്നും പാലിക്കാതെയാണ് ചോദ്യക്കടലാസ് പാറ്റേണ്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് വ്യക്തമായെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.