തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു ക്‌ളാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. അവലോകനയോ?ഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു പരീക്ഷ കഴിഞ്ഞതിനു ശേഷമാകും പ്രാക്ടിക്കല്‍ പരീക്ഷ. അതിനാല്‍ പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍ അദ്ധ്യാപകര്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഫെബ്രുവരി 16 മുതലാണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്.
ഈ വര്‍ഷം പൊതുപരീക്ഷയ്ക്ക് 60 ശതമാനം ഫോക്കസ് ഏരിയയില്‍ നിന്നാവും 70 ശതമാനം ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതേണ്ടി വരിക. നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നും 30 ശതമാനം ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതണം. ഫോക്കസ് ഏരിയ സംബന്ധിച്ച് പുനര്‍ചിന്തനത്തിന്റെ ആവശ്യമില്ല. ഇന്റേണല്‍, പ്രാക്ടിക്കല്‍ മാര്‍ക്കുകള്‍ കൂടി പരിഗണിച്ചാകും ഗ്രേഡ് നിശ്ചയിക്കുക. എ പ്‌ളസ് കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ ശിശു കേന്ദ്രീകൃത സമഗ്രവികാസമെന്ന കാഴ്ചപ്പാടിനെ ദുര്‍ബലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് ബാധിതരായവര്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേകം ക്‌ളാസ്മുറി ഒരുക്കും. പി.പി.കിറ്റ് ഇട്ടുവന്ന് സുരക്ഷിതമായി പരീക്ഷയെഴുതാം. പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൊവിഡ് കാലത്ത് നടത്തിയതുപോലെ മുന്നൊരുക്കം സ്‌കൂളുകളില്‍ നടത്തണം. ഇതിനായി സ്‌കൂള്‍തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി യോഗങ്ങള്‍ നടത്തണം.