ന്യൂഡല്‍ഹി: പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് തിങ്കളാഴ്ച തുടക്കംകുറിക്കും. 2007-ലോ മുമ്പോ ജനിച്ചവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഞായറാഴ്ച വൈകുന്നേരംവരെ ആറുലക്ഷത്തിലേറെ കുട്ടികള്‍ കുത്തിവെപ്പിനായി കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തു. ആദ്യഡോസ് എടുത്ത് 28 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസും എടുക്കണം.
വാക്‌സിനേഷന്‍ നടപടികള്‍ ഏകോപിപ്പിക്കാന്‍ ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മണ്ഡവ്യ ഞായറാഴ്ച സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനാണ് നല്‍കേണ്ടതെന്നും വാക്‌സിന്‍ മാറിപ്പോകില്ലെന്നു ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. കുട്ടികള്‍ക്കായി പ്രത്യേകം വാക്‌സിന്‍കേന്ദ്രങ്ങള്‍ സജ്ജീകരിക്കണം.
കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധനടപടികളുടെ പുരോഗതിയും യോഗം അവലോകനംചെയ്തു. കോവിഡിനുനേരെ നടത്തിയ ശക്തമായ പോരാട്ടം ഒമിക്രോണിനുനേരെയും വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യസംവിധാനം മെച്ചപ്പെടുത്താന്‍ കേന്ദ്ര ഫണ്ടുകള്‍ സംസ്ഥാനങ്ങള്‍ നന്നായി വിനിയോഗിക്കണം. ആവശ്യത്തിന് വാക്‌സിനുണ്ടെന്ന് കോവിന്‍ ഉപയോഗിക്കുന്ന ഗുണഭോക്താക്കളുടെ ജില്ലതിരിച്ചുള്ള കണക്കെടുപ്പിലൂടെ ഉറപ്പുവരുത്തണം.