തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി അശാസ്ത്രീയമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പദ്ധതിയില്‍ പോരായ്മയില്ലെന്ന് ജനങ്ങളെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തണം. വികസനം ജനത്തിന് ആവശ്യമുള്ളതാവണം, വികസനത്തിനുവേണ്ടി വാശിവേണ്ട. പദ്ധതി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിയോട് വിനീതനായി ആവശ്യപ്പെടുന്നുവെന്ന് കെ.സുധാകരന്‍ പറഞ്ഞു.
കെ റെയില്‍ പദ്ധതിയുടെ ഏറ്റവും വലിയ പോരായ്മയായി വിദഗ്ധര്‍ പറയുന്നത് ഇതു സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണെന്നാണ്. ഇന്ത്യയില്‍ ഒരിടത്തും സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ പാളം ഉണ്ടാക്കിയിട്ടില്ല. സില്‍വര്‍ ലൈന്‍ ജനങ്ങള്‍ക്ക് വെള്ളിടിയായി മാറും. കെ-റെയിലിനെ പാര്‍ട്ടി ഓഫിസാക്കി. ജോണ്‍ ബ്രിട്ടാസിന്റെ ഭാര്യയാണ് കെ-റെയിലിന്റെ ജനറല്‍ മാനേജര്‍. റെയില്‍വേയിലെ ഒരു ജൂനിയര്‍ ഉദ്യോഗസ്ഥ മാത്രമാണവര്‍. ആനാവൂര്‍ നാഗപ്പന്റെ ബന്ധുവും കെ-റെയിലില്‍ ഇടംനേടി. ഓഫിസ് പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കാരന്റെ കെട്ടിടത്തിലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
അതേസമയം, ശശി തരൂരിന്റെ കെ റെയില്‍ നിലപാടിനെ സുധാകരന്‍ വിമര്‍ശിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ ഇരിക്കുന്നിടം കുഴിക്കാന്‍ അനുവദിക്കില്ല. തരൂര്‍ എന്ന വ്യക്തിയെയും ലോകപരിചയത്തെയും അംഗീകരിക്കുന്നു. എന്നാല്‍ അദ്ദേഹം കോണ്‍ഗ്രസ് വ്യത്തത്തില്‍ ഒതുങ്ങാത്തയാളാണ്. ശശി തരൂരിനോട് സംസാരിക്കും, വിമര്‍ശിക്കാനുള്ള കാരണം ചോദിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.