കല്ല് പറിക്കും മുമ്പ് സ്വന്തം പല്ല് സൂക്ഷിക്കുക ! : കെ.സുധാകരനെ മുന്നറിയിപ്പ് നല്‍കി എം.വി ജയരാജന്‍

2 second read
0
0

കണ്ണൂര്‍: കെ റെയില്‍-സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേകല്ലുകള്‍ പിഴുതെറിയുമെന്ന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെആഹ്വാനത്തെ വെല്ലുവിളിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വിജയരാജന്‍. കല്ല് പറിക്കാന്‍ വരും മുമ്പ് സ്വന്തം പല്ല് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നാണ് എം.വി.ജയരാജന്‍ പറഞ്ഞിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി. സര്‍വേ കല്ല് പിഴുതെറിയാന്‍ ആഹ്വാനം ചെയ്ത നേതാവിന്റെ അനുയായികളോട് ഇത്രയേ പറയാനുള്ളൂവെന്നും ജയരാജന്‍ പറയുന്നു.

ജയരാജന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം.

കല്ല് പറിക്കും മുമ്പ് സ്വന്തം പല്ല് സൂക്ഷിക്കുക!

2011 ലെ യുഡിഎഫ് മാനിഫെസ്റ്റോവിലും 2012 ലെ എമര്‍ജിംഗ് കേരളയിലും പ്രധാന സ്വപ്ന പദ്ധതികളായിരുന്നു കെ റെയില്‍ പദ്ധതി. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും മുകളിലോട്ട് തുപ്പിക്കൊണ്ട് കളിക്കാം.
തുപ്പല്‍ മറ്റുള്ളവരുടെ ദേഹത്താകരുത്. അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായിരുന്നു നേതൃസ്ഥാനത്ത്. തങ്ങളുടെ കാലത്താണ് കെ റെയില്‍ പദ്ധതി ആരംഭിച്ചതെന്ന കാരണത്താല്‍ അവര്‍ രണ്ട് പേരും ഇപ്പോള്‍ മൗനത്തിലാണ്. മുകളിലോട്ട് തുപ്പിക്കളിക്കാന്‍ ഇവര്‍ രണ്ടുപേരും ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. അങ്ങനെയായാല്‍ ജനങ്ങളില്‍ നിന്നും യുഡിഎഫ് അണികളില്‍ നിന്നും ഒറ്റപ്പെടുമെന്ന് അവര്‍ക്കറിയാം.

അതിവേഗ റെയില്‍ പദ്ധതി യു.ഡി.എഫ്. വിഭാവനം ചെയ്തിരുന്നതാണെന്ന തെളിവുകള്‍ ഇതിനകം പുറത്തുവന്നു. ഇനിമുതല്‍ കല്ല് പറിക്കാന്‍ അതുകൊണ്ട് തന്നെ സ്വന്തം അണികളെ കിട്ടുക എളുപ്പമല്ല. കെപിസിസി പ്രസിഡന്റ് സര്‍വ്വേ കല്ല് പിഴുതെറിയാന്‍ ഗുണ്ടാ സംഘങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. സുധാകര-സതീശ കോണ്‍ഗ്രസ് സംഘം കെ റെയിലിനെതിരായി നടത്തിക്കൊണ്ടിരിക്കുന്ന സമരം ഉമ്മന്‍ചാണ്ടി – ചെന്നിത്തല കൂട്ട് കെട്ടിനെതിരാണെന്നതും പകല്‍ പോലെ വ്യക്തമാണ്.

വികസന തല്‍പ്പരരായ ജനങ്ങള്‍ സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിക്ക് എതിരല്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ‘കെ റെയില്‍ നേരും നുണയും’ എന്ന പരിപാടിയില്‍ സാംസ്‌കാരിക നായകര്‍ മുതല്‍ മതമേലധ്യക്ഷന്മാര്‍ വരെ പങ്കെടുത്തത്. സില്‍വര്‍ ലൈന്‍ അടക്കമുള്ള പദ്ധതികളിലൂടെ കേരളം മികച്ച പശ്ചാത്തലമുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. ഇക്കാര്യം 2021 ലെ മാനിഫെസ്റ്റോവിലൂടെ വ്യക്തമാക്കിയതാണ്. ഈ മാനിഫെസ്റ്റോവിനെ ജനങ്ങള്‍ പിന്തുണച്ചതു കൊണ്ടാണ് 99 സീറ്റോടെ വീണ്ടും അധികാരത്തില്‍ വരാന്‍ എല്‍ഡിഎഫിന് സാധിച്ചത്. വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കാന്‍ എല്‍ഡിഎഫിന് സാധിക്കില്ല. തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുക തന്നെ ചെയ്യും.

മുംബൈ – അഹമ്മദാബാദ്, ഡല്‍ഹി – വാരാണസി എന്നീ അതിവേഗ റെയില്‍ പദ്ധതികള്‍ക്ക് ഇതിനകം അംഗീകാരം നല്‍കിക്കഴിഞ്ഞു. ചിലത് പൂര്‍ത്തീകരിക്കുകയും ചെയ്തു. കേന്ദ്ര ബിജെപി സര്‍ക്കാരാണ് ദേശീയ പാത അതോറിറ്റിയെ നിയന്ത്രിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വികസനത്തിന് അനുകൂലവും കേരളത്തില്‍ എതിരുമാകുന്ന ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. മെട്രോമാനാണ് 1.18 ലക്ഷം കോടി രൂപ ചിലവ് വരുന്ന കെ റെയില്‍ പദ്ധതിക്ക് ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കൈയ്യൊപ്പ് ചാര്‍ത്തിയത്. ഇവരാവട്ടെ ഓന്തിന്റെ നിറം മാറും പോലെ മാറുകയാണിപ്പോള്‍. കോണ്‍ഗ്രസ് – ബിജെപി – ജമാഅത്തെ ഇസ്ലാമി മഹാ മഴവില്‍ സഖ്യക്കാരോട്, റെയില്‍ വിരുദ്ധ സമരക്കാരോട്, സര്‍വ്വേ കല്ല് പിഴുതെറിയാന്‍ ആഹ്വാനം ചെയ്ത നേതാവിന്റെ അനുയായികളോട് ഇത്രയേ പറയാനുള്ളൂ – കല്ല് പറിക്കാന്‍ വരും മുമ്പ് സ്വന്തം പല്ല് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക!

 

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…