കോട്ടയം: പാമ്പുപിടിത്ത വിദഗ്ധന്‍ വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മൂര്‍ഖന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന സുരേഷിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം ഭാഗികമായി മെച്ചപ്പെട്ടു. രക്തസമ്മര്‍ദം സാധാരണനിലയിലായി. ഹൃദയമിടിപ്പും സാധാരണനിലയിലായിട്ടുണ്ട്. പ്രതീക്ഷിച്ചതുപോലെ സുരേഷിന്റെ ആരോഗ്യം മെച്ചപ്പെട്ടു വരുന്നത് ശുഭസൂചനയാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.
സുരേഷ് ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലാണ്. കഴിഞ്ഞദിവസം വൈകിട്ട് 4.30നു കുറിച്ചി കരിനാട്ടുകവലയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് വലതു കാല്‍മുട്ടിനു മുകളില്‍ കടിയേറ്റത്. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
കരിനാട്ടുകവലയിലെ വീട്ടില്‍ കൂട്ടിയിട്ട കരിങ്കല്ലുകള്‍ക്കിടയില്‍ ഒരാഴ്ച മുന്‍പാണ് പാമ്പിനെ കണ്ടത്. അന്ന് വിളിച്ചെങ്കിലും സുരേഷ് അപകടത്തെത്തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ എത്താന്‍ കഴിഞ്ഞില്ല. ഇന്നലെ എത്തിയ സുരേഷ് ആറടിയിലേറെ നീളമുള്ള മൂര്‍ഖനെ വാലില്‍ തൂക്കിയെടുത്ത ശേഷം ചാക്കിലേക്കു മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്.