കോട്ടയം: മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. അദ്ദേഹം ഡോക്ടര്‍മാരോട് സംസാരിക്കുകയും ചെയ്തു. ബോധം വന്നയുടനെ ദൈവമേ എന്നാണ് ആദ്യം ഉച്ചരിച്ചത്. പിന്നീട് ഡോക്ടര്‍ പേര് ചോദിച്ചപ്പോള്‍ സുരേഷ് എന്ന് മറുപടിയും നല്‍കി. ഇതോടെ തലച്ചോറിലേക്കുള്ള രക്തഓട്ടം സാധാരണനിലയിലായതിന്റെ ആശ്വാസത്തിലായി വൈദ്യസംഘം.
വ്യാഴാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തെ കട്ടിലില്‍ ചാരിയിരുത്തി. ദ്രവരൂപത്തിലുള്ള ആഹാരവും നല്‍കി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം തൃപ്തികരമെന്ന് വിലയിരുത്തിയത്. സ്വയം ശ്വസിക്കാന്‍ ശ്രമിച്ചിരുന്ന സുരേഷിന്റെ വെന്റിലേറ്റര്‍ സഹായം ഇതോടെ താത്കാലികമായി മാറ്റി.
മൂന്നുമണിക്കൂര്‍ കഴിഞ്ഞ് നിരീക്ഷണത്തിനുശേഷം വെന്റിലേറ്റര്‍ പൂര്‍ണമായും മാറ്റി. ഇതിനിടയില്‍ സുരേഷ് ഡോക്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് ആദ്യം അവ്യക്തമായ മറുപടി നല്‍കിത്തുടങ്ങി. അരമണിക്കുറിനുശേഷം പേരും മറ്റ് വിവരങ്ങളും കൃത്യമായി പറഞ്ഞു. ഇത് ശരീരം ആരോഗ്യത്തിലേക്ക് മടങ്ങുന്നതിന്റെ സൂചനയായി.
ശനിയാഴ്ച മുറിയിലേക്ക് മാറ്റിയേക്കും. 24 മണിക്കൂറും പ്രത്യേകസംഘത്തിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന സുരേഷിന്റെ നില ബുധനാഴ്ച ഉച്ചയോടെയാണ് കാര്യമായി മെച്ചപ്പെട്ടുതുടങ്ങിയത്. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ വിവിധവിഭാഗങ്ങളിലെ മേധാവികളാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്. തിങ്കളാഴ്ചയാണ് വാവസുരേഷിനെ മൂര്‍ഖന്റെ കടിയേറ്റ് ആശുപത്രിയിലാക്കിയത്.