കോഴിക്കോട്: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ജോലിക്കു ചേര്‍ന്ന തൊടുപുഴയിലെ സ്ഥാപനവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം.മണിയാണ് സ്ഥാപനത്തിന്റെ തൊടുപുഴയിലെ ഓഫിസ് ഉദ്ഘാടനം നിര്‍വഹിച്ചത്. സ്ഥാപനത്തിന്റെ ലോഗോ പ്രകാശനം നേരത്തേ നിര്‍വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിപിഎം പ്രവര്‍ത്തകനാണ് ആ സ്ഥാപനം നടത്തുന്നത്. പിന്നെയെങ്ങനെയാണ് ബിജെപി ബന്ധമുണ്ടെന്ന് പാര്‍ട്ടി പത്രവും ചാനലും ആരോപിക്കുന്നതെന്ന് അറിയില്ല. എസ്എഫ്ഐയുടെ മുന്‍നേതാവാണ് സ്വപ്ന സുരേഷിന് ജോലി ശരിയാക്കി നല്‍കിയത്. ഓഫിസ് ഉദ്ഘാടനത്തിന്റെയും ലോഗോ പ്രകാശനത്തിന്റെയും ചിത്രങ്ങളും ഫെയ്ബുക് പേജിലൂടെ സുരേന്ദ്രന്‍ പുറത്തു വിട്ടു. ‘സ്വപ്ന സ്ഥാപനം’ ബിജെപി കമ്പനിയല്ല, സിപിഎം കമ്പനി. മാത്രമല്ല ഉന്നതരുടെ അനുഗ്രഹവും ആശീര്‍വാദവും വാനോളമുണ്ടെന്നു ചിത്രങ്ങള്‍തന്നെ പറയുന്നുവെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ബോംബുണ്ടാക്കല്‍ സിപിഎമ്മിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മന്ത്രിമാര്‍ക്കുമൊക്കെ സംവരണം ചെയ്യപ്പെട്ടിട്ടുള്ള പണിയാണ്, ബിജെപിക്കാര്‍ക്ക് ആ പണിയില്ല. ട്വന്റി20 പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച് കൊന്നത് സിപിഎമ്മാണ്. കേരളത്തില്‍ ഭരണത്തകര്‍ച്ചയാണ്. പിണറായിക്ക് ആഭ്യന്തര വകുപ്പില്‍ താല്‍പര്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ടൂറിസവും കെ-റെയിലും പോലെ എന്തെങ്കിലും കിട്ടുന്ന കാര്യത്തില്‍ മാത്രമാണ് താല്‍പര്യം. ഗവര്‍ണര്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതു കൊണ്ടാണ് പൊതുഭരണ സെക്രട്ടറി സ്ഥാനത്തുനിന്നു കെ.ആര്‍.ജ്യോതിലാലിനെ സര്‍ക്കാരിന് നീക്കേണ്ടി വന്നത്. ജ്യോതിലാലിനെ കൊണ്ട് ഗവര്‍ണര്‍ക്കെതിരെ കള്ളം പറയിപ്പിക്കാനാണ് പിണറായി ശ്രമിച്ചത്. ഗവര്‍ണര്‍ ഭരണഘടനാപരമായ ഒരു കാര്യവും ലംഘിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.