പത്തനംതിട്ട: സ്ഥാപിക്കാത്ത ക്രാഷ് ബാരിയറിന് ലക്ഷങ്ങള്‍ പാസാക്കി കൊടുത്ത സംഭവത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. സ്ഥലം മാറ്റി മാസങ്ങള്‍ക്ക് ശേഷമാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
കുമ്പഴ-ളാക്കൂര്‍-കോന്നി റോഡിന്റെ പണിയുമായി ബന്ധപ്പെട്ടാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിനു, അസിസ്റ്റന്‍്റ് എന്‍ജിനീയര്‍ അഞ്ചു സലിം എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. ഇവരെ നേരത്തേ സ്ഥലം മാറ്റിയിരുന്നു. ബിനുവിനെ ഡല്‍ഹി കേരളാ ഹൗസിലേക്കാണ് മാറ്റിയിരുന്നത്. സിപിഎമ്മിന്റെ സര്‍വീസ് സംഘടനയുടെ സംസ്ഥാന നേതാവായിരുന്നു ബിനു. നേരത്തേ ഇയാളെ സ്ഥലം മാറ്റി മുഖം രക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പ്രത്യക്ഷത്തില്‍ അഴിമതിക്ക് തെളിവുണ്ടായിരുന്നു. ക്രമക്കേട് കണ്ടെത്തിയ വിജിലന്‍സ് സംഘം ഇയാള്‍ക്ക് സസ്പെന്‍ഷന ശിപാര്‍ശ ചെയ്തിരുന്നു. പക്ഷേ, സംരക്ഷിക്കുന്ന നിലപാടാണ് പൊതുമരാമത്ത് വകുപ്പും സര്‍ക്കാരും സ്വീകരിച്ചത്.
ലക്ഷങ്ങളാണ്. കരാറുകാരന് കൂടി ഒരു വിഹിതം കൊടുത്ത ബാക്കി ഉദ്യോഗസ്ഥര്‍ കീശയിലാക്കി. ക്രമക്കേടിന് കൂട്ടുനിന്ന കരാറുകാരന്റെ സഹായി വിവരം പുറത്തു വിട്ടതോടെ ബില്‍ പാസാക്കിയ ശേഷം ക്രാഷ് ബാരിയര്‍ സ്ഥാപിക്കുന്ന കാഴ്ചയും ഇവിടെ ഉണ്ട്.
കുമ്പഴ-ളാക്കൂര്‍-കോന്നി റോഡ് നിര്‍മാണമാണ് അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നത്. വിംറോക്ക് രാജുവെന്ന കരാറുകാരനാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. റോഡില്‍ 393 മീറ്ററിലാണ് ക്രാഷ് ബാരിയര്‍ വേണ്ടിയിരുന്നത്. 250 മീറ്ററില്‍ മാത്രം ക്രാഷ് ബാരിയര്‍ സ്ഥാപിച്ചു. മുഴുവനും സ്ഥാപിച്ചെന്ന് പറഞ്ഞ് പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി. ബിനു വര്‍ക്കിന്റെ പണം മുഴുവന്‍ കരാറുകാരന് കൈമാറി. തുടര്‍ന്ന് ഈ തുക ഇവര്‍ പങ്കിട്ടെടുത്തു. പണി പിന്നാലെ വരുന്നുണ്ടായിരുന്നു. ഇതേ റോഡിന്റെ നിര്‍മാണത്തില്‍ 43 ലക്ഷം രൂപയാണ് കരാറുകാരന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ലാഭമുണ്ടാക്കി കൊടുത്തത്. പ്രതിഫലമായി എന്‍ജിനീയര്‍ ആവശ്യപ്പെട്ടത് 20 ലക്ഷം രൂപ കൈക്കൂലിയാണ്. എന്നാല്‍, കരാറുകാരന്‍ 10 ലക്ഷം മാത്രമാണ് നല്‍കിയത്.
ഇതേ കരാറുകാരന് കീഴില്‍ സഹായി ആയി പ്രവര്‍ത്തിച്ചിരുന്നയാള്‍ പിണങ്ങി മാറി പുതിയ കരാര്‍ ജോലിയില്‍ ഏര്‍പ്പെട്ടു. ഇയാള്‍ 2021 മൂഴിയാര്‍ ലിങ്ക് റോഡ് ഡ്രെയിനേജ് പദ്ധതി ഏറ്റെടുത്തു. തനിക്ക് നേരത്തേ കിട്ടാനുള്ള കൈക്കൂലിയുടെ ബാക്കി ഭാഗം ഇയാളോട് എന്‍ജിനീയര്‍ ആവശ്യപ്പെട്ടു. ഇയാള്‍ വഴങ്ങാതെ വന്നപ്പോള്‍ മൂന്നു ലക്ഷം രൂപ കുറച്ചാണ് ബില്‍ പാസാക്കി നല്‍കിയത്. കരാറുകാരന്‍ വിജിലന്‍സിനെ സമീപിച്ച് പരാതി നല്‍കി. ക്രാഷ് ബാരിയര്‍ സ്ഥാപിച്ചതിലെ അഴിമതി വിജിലന്‍സ് കണ്ടെത്തുമെന്നായപ്പോള്‍ മറ്റൊരു കരാറുകാരനെ ഉപയോഗിച്ച് ഇവിടെ ക്രാഷ് ബാരിയര്‍ സ്ഥാപിക്കാന്‍ തുടങ്ങി. പരാതിക്കാരന്‍ വിജിലന്‍സ് സംഘവുമായി സ്ഥലത്ത് ചെല്ലുമ്പോള്‍ കാണുന്നത് തിരക്കിട്ട് ക്രാഷ് ബാരിയര്‍ സ്ഥാപിക്കുന്നതാണ്. വിജിലന്‍സ് ഇത് കൈയോടെ പൊക്കി. പണി കഴിഞ്ഞുവെന്ന് പറഞ്ഞ് ബില്‍ മാറിയ സ്ഥലത്താണ് ക്രാഷ് ബാരിയര്‍ സ്ഥാപിച്ചു കൊണ്ടിരുന്നത്. അഴിമതിയുടെ ആഴം കണ്ട് വിജിലന്‍സ് പോലും ഞെട്ടി.
ഇതിന് പിന്നാലെ വിജിലന്‍സ് റിപ്പോര്‍ട്ട് വന്നു. പത്തനംതിട്ട റോഡ്സ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീ എന്‍ജിനീയര്‍ ബി. ബിനു, അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ്. അഞ്ജു, കരാറുകാരന്‍ വിംറോക്ക് രാജു എന്നിവരെ പ്രതികളാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തണമെന്നായിരുന്നു വിജിലന്‍സിന്റെ ശിപാര്‍ശ. എന്നാല്‍ ഇവരെ സസ്പെന്‍ഡ് ചെയ്യാനോ നടപടിയെടുക്കാനോ സര്‍ക്കാര്‍ തയാറായില്ല. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതോടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി. ബിനുവിനെ ഡല്‍ഹി കേരളാ ഹൗസിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. സിപിഎമ്മിന്റെ മാനസപൂത്രനാണ് ബിനു. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കോടികളാണ് ഇയാള്‍ കരാറുകാരെ കൊണ്ട് സംഭാവന ചെയ്യിക്കുന്നത്. ഇതു കാരണം ഇയാളെ തൊടാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. സ്ഥലം മാറ്റി മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ സസ്പെന്‍ഷന്‍ ഉണ്ടായിരിക്കുന്നത്.