
അതിരമ്പുഴ: ടിവി കാണണമെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞു, തളര്‍ന്നുകിടന്ന സെബാസ്റ്റ്യനെ ഭാര്യ ത്രേസ്യാമ്മ അടുത്ത മുറിയിലേക്ക് ടിവി കാണാന്‍ കൊണ്ടുപോയി. മിനിറ്റുകള്‍ക്കകം വലിയ ശബ്ദത്തോടെ സെബാസ്റ്റ്യന്‍ കിടന്ന മുറിയിലേക്ക് മതിലിടിഞ്ഞു വീണു, വീടു തകര്‍ന്നു.തലനാരിഴയ്ക്കാണ് അമലഗിരി മൂലയില്‍ എം.സി. സെബാസ്റ്റ്യന്‍ (70) രക്ഷപ്പെട്ടത്. ശക്തമായ മഴയിലാണ് അപകടം. സമീപത്തെ വീട് നിര്‍മാണം നടക്കുന്ന സ്ഥലത്തെ 22 അടി ഉയരമുള്ള കരിങ്കല്‍ മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. ഇന്നലെ രാവിലെ ആറിനാണു സംഭവം. ചാരംകുളം ദേവസ്യയുടെ ഉടമസ്ഥതയിലുള്ള മതിലാണ് ഇടിഞ്ഞത്. ഒരു വര്‍ഷം മുന്‍പു മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ഒരു വശം തളര്‍ന്നു കിടപ്പായതാണ് സെബാസ്റ്റ്യന്‍.
ടിവി ഇരിക്കുന്ന മുറിയിലേക്കു ഭാര്യ ത്രേസ്യാമ്മ (60) എടുത്തുകൊണ്ടുപോവുകയായിരുന്നു. നിമിഷങ്ങള്‍ക്കകമാണ് അപകടം. 2 മുറികളും അടുക്കളയും ശുചിമുറിയും തകര്‍ന്നു. വലിയ ശബ്ദവും വീടിനു കുലുക്കവും ഉണ്ടായപ്പോള്‍ പകച്ചിരിക്കുകയായിരുന്നു ഇരുവരും. ഇളയ മകള്‍ ബിനു എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്.ശക്തമായ മഴ പെയ്താല്‍ ഇനിയും മതിലിടിയാന്‍ സാധ്യതയുണ്ട്. സെബാസ്റ്റ്യനും ത്രേസ്യാമ്മയും ബിനുവിന്റെ വീട്ടിലാണ് ഇപ്പോള്‍.