ജയ്പുര്‍: കരുത്തരായ കര്‍ണാടകയ്‌ക്കെതിരെ കൂറ്റന്‍ വിജയത്തോടെ വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാട് സെമിയില്‍. ബാറ്റിങ്ങിലും ബോളിങ്ങിലും സമ്പൂര്‍ണ മേധാവിത്തം പുലര്‍ത്തിയ തമിഴ്‌നാട് 151 റണ്‍സിനാണ് കര്‍ണാടകയെ തകര്‍ത്തത്. മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തര്‍പ്രദേശിനെ അഞ്ച് വിക്കറ്റിനു തകര്‍ത്ത് ഹിമാചല്‍ പ്രദേശും സെമിയിലെത്തി. നാളെ നടക്കുന്ന മൂന്നും നാലും ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ കേരളം സര്‍വീസസിനെയും സൗരാഷ്ട്ര വിദര്‍ഭയേയും നേരിടും.
കര്‍ണാടകയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്‌നാട് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 354 റണ്‍സ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണാടക 11 ഓവര്‍ ബാക്കിനില്‍ക്കെ 203 റണ്‍സിന് എല്ലാവരും പുറത്തായി. 65 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറും സഹിതം 43 റണ്‍സെടുത്ത ശ്രീനിവാസ് ശരത്താണ് കര്‍ണാടകയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ രോഹന്‍ കദം (29 പന്തില്‍ 24), കൃഷ്ണമൂര്‍ത്തി ശ്രീകാന്ത് (31 പന്തില്‍ 29), അഭിനവ് മനോഹര്‍ (32 പന്തില്‍ 34), പ്രവീണ്‍ ദുബെ (25 പന്തില്‍ 26) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
എട്ട് ഓവറില്‍ 36 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് പിഴുത സിലംബരസനാണ് കര്‍ണാടകയെ തകര്‍ത്തത്. വാഷിങ്ടന്‍ സുന്ദര്‍ ഒന്‍പത് ഓവഃറില്‍ 43 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. സന്ദീപ് വാരിയര്‍, സായ് കിഷോര്‍, എം. സിദ്ധാര്‍ഥ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്‌നാട് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 354 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ഓപ്പണര്‍ എന്‍. ജഗദീശനാണ് തമിഴ്‌നാടിന്റെ ടോപ് സ്‌കോറര്‍. ജഗദീശന്‍ 101 പന്തില്‍ ഒന്‍പതു ഫോറും ഒരു സിക്‌സും സഹിതം 102 റണ്‍സെടുത്തു. ആര്‍. സായ് കിഷോര്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ തമിഴ്‌നാടിനായി അര്‍ധസെഞ്ചുറി നേടി. സായ് കിഷോര്‍ 71 പന്തില്‍ നാലു ഫോറും മൂന്നു സിക്‌സും സഹിതം 61 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായെങ്കിലും, ഒരറ്റത്ത് തകര്‍ത്തടിച്ച ഷാരൂഖ് ഖാനാണ് തമിഴ്‌നാടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. വെറും 39 പന്തുകള്‍ മാത്രം നേരിട്ട ഷാരൂഖ്, ഏഴു ഫോറും ആറു സിക്‌സും സഹിതം 79 റണ്‍സുമായി പുറത്താകാതെ നിന്നു.