തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടത്തിയ മരാമത്തുപണികളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്ന എം. ബുക്ക് ഓഡിറ്റ് വിഭാഗത്തിന് കണ്ടെത്താനായില്ല. ഒട്ടുമിക്ക പ്രവൃത്തികളുടെയും സ്ഥിതി ഇതായിരുന്നു. പണി സംബന്ധിച്ച ആധികാരികരേഖയാണ് എം. ബുക്ക്. പലതും നശിപ്പിച്ചെന്നാണ് ഓഡിറ്റ് സംഘം വിലയിരുത്തുന്നത്. മരാമത്ത് പണികള്‍ക്ക് അനുവദിക്കാവുന്ന തുകയുടെ പരിധി നിശ്ചയിച്ചുള്ള സാമ്പത്തിക അച്ചടക്കവും പാലിച്ചിട്ടില്ല. ഓഡിറ്റ് പരിശോധനയ്ക്കാവശ്യപ്പെട്ട 106 ഫയലുകളാണ് ദേവസ്വം ഉദ്യോഗസ്ഥര്‍ നല്‍കാതിരുന്നത്.
ബോര്‍ഡിന്റെ പ്രസില്‍ അച്ചടിച്ചതും മുദ്രയുള്ളതും ലെഡ്ജറില്‍ എണ്ണം രേഖപ്പെടുത്തിയതുമായ എം. ബുക്കിലാണ് വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതെങ്കിലും വ്യാജബുക്ക് ഉപയോഗിക്കുന്നതായും സംശയമുണ്ട്. എല്ലാ ജോലികളും ദേവസ്വം കമ്മിഷണറുടെ അനുമതിയോടെ മാത്രം നടത്തണമെന്നാണ് ദേവസ്വം മാന്വലിലുള്ളത്. അതൊന്നും പാലിക്കുന്നില്ല. പകരം പ്രസിഡന്റും അംഗങ്ങളും ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞതു പ്രകാരം ഫോണില്‍ അറിയിച്ചത്, വാക്കാല്‍ പറഞ്ഞത് തുടങ്ങിയവയാണ് ഉദ്യോഗസ്ഥര്‍ കാരണമായി പറയുന്നത്.
20 ഗ്രൂപ്പുകളിലായി 1250 ക്ഷേത്രങ്ങളാണ് ബോര്‍ഡിനു കീഴിലുള്ളത്. മിക്ക ജോലികളുടെയും കരാറുകള്‍ അപൂര്‍ണവും നിയമപരമായി നിലനില്‍ക്കാത്തതുമാണ്. തീയതിയോ കരാര്‍ നമ്പറോ ഇല്ല, കരാറുകാരന്റെ ഒപ്പില്ല, മുദ്രപ്പത്രം വാങ്ങിയ തീയതിക്കുമുമ്പ് തീയതി വെച്ചു, കരാറില്‍ തെറ്റായ വര്‍ഷം തുടങ്ങിയ വീഴ്ചകള്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇക്കാരണത്താല്‍ത്തന്നെ കരാറുകാരനെതിരേ നിയമനടപടികളുണ്ടായാല്‍ ബോര്‍ഡ് പരാജയപ്പെടും. 2011 മുതല്‍ 2017 വരെ എസ്റ്റേറ്റ് ഡിവിഷനിലാണ് ഈ ക്രമക്കേടുകള്‍ ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്.മാരാമത്ത് പണികളുടെയും ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ വാങ്ങുന്ന സാധനങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാന്‍ ക്വാളിറ്റി കണ്‍ട്രോള്‍/അഷ്വറന്‍സ് സെല്‍ പ്രത്യേക വിഭാഗമായി രൂപവത്കരിക്കണമെന്ന് ശുപാര്‍ശയുണ്ട്.