ഫെയ്‌സ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങി ആപ്പുകള്‍ പണിമുടക്കിയ രാത്രി ടെലഗ്രാമിലേക്ക് ഒന്നിച്ചെത്തിയത് ഏഴു കോടി പുതിയ ഉപയോക്താക്കളാണ്. ടെലഗ്രാം സിഇഒ പാവല്‍ ഡ്യൂറോവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രിയാണ് ഫെയ്‌സ്ബുക്കിന്റെ സേവനങ്ങള്‍ നിലച്ചത്. ഇതോടെയാണ് ജനങ്ങള്‍ മെസേജിങ്ങിനും വിഡിയോ കോളിങ്ങിനുമായി മറ്റുവഴികള്‍ തേടാന്‍ തുടങ്ങിയത്. അന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയതും ടെലഗ്രാം ആണ്. ഏകദേശം ആറ് മണിക്കൂറോളമാണ് വാട്‌സാപ് നിലച്ചത്.
ടെലഗ്രാമിന്റെ മുന്നേറ്റം റോയിട്ടേഴ്‌സാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ടെലഗ്രാം സ്ഥാപകന്‍ പാവല്‍ ഡ്യൂറോവ് തന്റെ ടെലഗ്രാം ചാനലിലും ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്. ടെലഗ്രാമിന്റെ പ്രതിദിന വളര്‍ച്ചാ നിരക്ക് റെക്കോര്‍ഡിലെത്തി, മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നെത്തിയ 7 കോടിയിലധികം പേരെ ഒരു ദിവസം സ്വാഗതം ചെയ്തു എന്നാണ് അദ്ദേഹം കുറിച്ചിട്ടിത്.
ആ ദിവസം ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് പ്ലാറ്റ്ഫോമില്‍ സൈന്‍ ഇന്‍ ചെയ്ത് മെസേജിങ് സേവനം ഉപയോഗപ്പെടുത്തിയത്. ഇതോടെ യുഎസിലെ ചില ഉപയോക്താക്കള്‍ക്ക് സ്പീഡ് പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും എല്ലാവര്‍ക്കും മികച്ച സേവനങ്ങള്‍ നല്‍കാന്‍ സാധിച്ചെന്നും ഡ്യുറോവ് പറഞ്ഞു.
ഈ സമയത്ത് ഞങ്ങളുടെ ടീം മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ഉപയോക്താക്കള്‍ ഒന്നിച്ച് വന്നിട്ടും എല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനായതില്‍ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ഒരേസമയം ടെലഗ്രാമില്‍ സൈന്‍ അപ്പ് ചെയ്യാന്‍ തിരക്കുകൂട്ടിയതിനാല്‍ അമേരിക്കയിലെ ചില ഉപയോക്താക്കള്‍ക്ക് പതിവിലും കുറഞ്ഞ വേഗം അനുഭവപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറഞ്ഞു
വാട്‌സാപ്, ഫെയ്‌സ്ബുക് മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ പ്രവര്‍ത്തനരഹിതമായപ്പോള്‍ ഉപയോക്താക്കള്‍ ടെലഗ്രാം, സിഗ്‌നല്‍ എന്നിവപോലുള്ള ബദലുകളിലേക്ക് പോകുകയായിരുന്നു. വാട്‌സാപ്, ഫെയ്‌സ്ബുക് പ്രവര്‍ത്തനരഹിതമായ സമയത്ത് ട്വിറ്റര്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും കുത്തനെ കൂടിയിരുന്നു.