അടൂര്‍: പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇത് എവിടെയാണെന്ന് മഷിയിട്ടു നോക്കിയിട്ടും കാണാനില്ല. പള്ളിക്കല്‍ മേടയില്‍ ജങ്ഷന്‍ ലക്ഷ്മി ഭവനില്‍ രാമാനുജന്‍ കര്‍ത്താ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിന് ദേവസ്വം ബോര്‍ഡില്‍ നിന്നും ലഭിച്ച മറുപടിയിലാണ് തെറ്റായ വിവരം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പാര്‍ത്ഥസാരഥിക്ഷേത്രത്തിലെ ഊട്ടുപുര, ശൗചാലയം, കുളിമുറി എന്നിവയുടെ നിര്‍മ്മാണങ്ങള്‍ നടന്നു വരുന്നതായാണ് ദേവസ്വം കമ്മിഷണര്‍ക്ക് വേണ്ടി ഡെപ്യൂട്ടി കമ്മിഷണര്‍ ഒപ്പ് വെച്ച കത്ത് രാമാനുജന്‍ കര്‍ത്തായ്ക്ക് നല്‍കിയത്.
എന്നാല്‍ കത്തില്‍ പറഞ്ഞിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. ബോര്‍ഡിന്റെ അനാസ്ഥ കാരണം അടൂരിലെ പ്രധാന ശബരിമല ഇടത്താവളമായ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ സദ്യാലയം നില്‍ക്കുന്ന ഭാഗം കാട് കയറി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ കിടക്കുന്ന ഇവിടെ വലിയ പദ്ധതികള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപനം നടന്നിട്ട് നാളുകളേറയായി . മണ്ഡല കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഭക്തരോട് ഈ അവഗണന തുടരുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ അവസ്ഥ തന്നെയായിരുന്നു. മധ്യ തിരുവിതാംകൂറിലെ പ്രധാനപ്പെട്ടതും ഏറെ ഭക്തജന തിരിക്ക് അനുഭവപ്പെടുന്നതുമായ പാര്‍ത്ഥ സാരഥി ക്ഷേത്രത്തിന്റെ അവസ്ഥ വളരെ ദയനീയമാണ്.
ദേവസ്വം ബോര്‍ഡ് ആറ് വര്‍ഷം മുന്‍പാണ് ക്ഷേത്രം ശബരിമല ഇടത്താവളമാക്കിയത്. ഇതുവരെയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയോ കാട് വെട്ടി തെളിയിക്കുകയോ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. ക്ഷേത്ര മൈതാനത്തുള്ള ഊട്ടുപുരയിലാണ് വിശ്രമ കേന്ദ്രം ഒരുക്കേണ്ടത്. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടം തകര്‍ന്ന നിലയിലാണ്. ചോര്‍ച്ചയുമുണ്ട് ഭിത്തികള്‍ വിണ്ട് കീറി ജനലുകളും വാതലുകളും ഇളകി കിടക്കുകയാണ്. ഇലക്ട്രിക് വയറിങ്ങുകള്‍ നശിച്ചു. മേല്‍ക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടി മാറിയത് കാരണം മഴ വെള്ളം കെട്ടിടത്തിനുള്ളിലാണ് വീഴുന്നത്. ഇവിടെയുള്ള കസേര, ബെഞ്ച്, ഡെസ്‌ക് എന്നിവയും നശിച്ചു. ഊട്ടുപുരയോട് ചേര്‍ന്നുള്ള ശൗചാലയവും കുളിമുറിയും ഉപയോഗ ശൂന്യമായി കിടക്കുകയാണ്. പുറത്തുള്ള പൈപ്പുകളും നശിച്ചു. ദേവസ്വം ബോര്‍ഡിന്റെ പ്രധാനപ്പെട്ട ഇടത്താവളമായ ഇവിടെ എത്തുന്ന തീര്‍ത്ഥാടകര്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇക്കുറിയും വലയും. കാടുകയറി കിടക്കുന്നതു മൂലം ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി ഇവിടം മാറി. തെരുവുനായകളും കൂട്ടത്തോടെ ഇവിടെ തമ്പടിച്ചിട്ടുണ്ട്. അതിനാല്‍ ഇഴജന്തുകളെയും തെരുവുനായ കളേയും പേടിച്ച് ആരും ഇങ്ങോട്ടേക്ക് എത്താറേയില്ല.