
അബുദാബി: രാജ്യാന്തര യാത്രക്കാര്‍ക്ക് യുഎഇ പ്രഖ്യാപിച്ച ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതോടെ പ്രവാസികളുടെ ഒഴുക്ക് തുടങ്ങി. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങളില്‍ വന്‍ തിരക്കേറി. നിറയെ യാത്രക്കാരുമായാണ് കേരളത്തില്‍നിന്നുള്ള വിമാനങ്ങള്‍ യുഎഇയിലേക്കു പുറപ്പെടുന്നത്.
ടിക്കറ്റ് നിരക്ക് വര്‍ധന കാരണം പലരും യാത്ര വൈകിച്ചെങ്കിലും തിരക്കിനു കുറവില്ല.ദുബായ് എക്‌സ്‌പോ അടുത്തമാസം ഒന്നിന് തുടങ്ങുന്നതോടെ വരും മാസങ്ങളിലും തിരക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിമാനക്കമ്പനികള്‍.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി റെഡ്, ഗ്രീന്‍ രാജ്യങ്ങള്‍ക്ക് വ്യത്യസ്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനത്തോത് കുറയുന്നതിന് ആനുപാതികമായി നിബന്ധനകളിലും ഇളവുണ്ട്.