
മലപ്പുറം(തേഞ്ഞിപ്പലം): ചേളാരി ഐഒസി എല്‍പിജി ബോട്ലിങ് പ്ലാന്റിലെ പാര്‍ക്കിങ് കേന്ദ്രത്തില്‍ ലോറി കത്തി നശിച്ചു. ചൂടേറ്റ് മറ്റൊരു ലോറിയുടെ ചില്ല് തകര്‍ന്നു. ഡ്രൈവര്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരും അവസരോചിതമായി ഇടപെട്ടതിനാല്‍ ഒഴിവായത് വന്‍ ദുരന്തം. കാലി ലോറിയാണ് കത്തി നശിച്ചത്. ഉച്ചയ്ക്ക് 12.45ന് ആണ് സംഭവം. പുക ഉയരുന്നത് കണ്ട് മറ്റ് ലോറികളില്‍ നിന്ന് ഡ്രൈവര്‍മാര്‍ തീയണയ്ക്കാനുള്ള ഉപകരണങ്ങളുമായി ഇറങ്ങുകയായിരുന്നു. പിന്നാലെ പ്ലാന്റിലെ സുരക്ഷാ ഉദ്യോഗസ്ഥരും എത്തി.
എടവണ്ണപ്പാറയിലെ ഏജന്‍സിക്ക് വേണ്ടി ഇന്നു മുതല്‍ സിലിണ്ടറുമായി ഓടാന്‍ എത്തിയതായിരുന്നു ലോറി. കത്തിയ ലോറിക്ക് അരികെ ഗ്യാസ് സിലിണ്ടറുകള്‍ നിറച്ച ഒരു ലോറി ഉണ്ടായിരുന്നെങ്കിലും തീ അതിലേക്ക് പടരാതെ തടയാനായി. പാര്‍ക്കിങ് കേന്ദ്രത്തില്‍ 50ല്‍ ഏറെ ലോറികള്‍ ഉണ്ടായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് നിഗമനം. വിവരം അറിഞ്ഞ് പൊലീസും പ്ലാന്റ് അധികൃതരും എത്തിയിരുന്നു. അഗ്‌നിരക്ഷാസേനയിലെ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.