ചെന്നൈ: ദക്ഷിണ റെയില്‍വേ, ദക്ഷിണ പശ്ചിമ റെയില്‍വേ പരിധിയിലുള്ള തീവണ്ടികളുടെ പഴയ നമ്പറുകള്‍ പുനഃസ്ഥാപിച്ചു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ നിര്‍ത്തിവെച്ച തീവണ്ടി സര്‍വീസുകള്‍ ജൂണില്‍ പുനരാരംഭിച്ചത് നമ്പറുകള്‍ മാറ്റി സ്‌പെഷ്യല്‍ സര്‍വീസുകളായിട്ടായിരുന്നു. ഇപ്പോള്‍ പതിവ് സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ എല്ലാ തീവണ്ടികളിലും പഴയ നമ്പര്‍ പുനഃസ്ഥാപിക്കുകയായിരുന്നു. ഈടാക്കി വന്ന അധികനിരക്ക് നവംബര്‍ 13 മുതല്‍ നിര്‍ത്തലാക്കിയിരുന്നു. സ്‌പെഷ്യല്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കി സാധാരണ സര്‍വീസുകള്‍ നടത്താനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനപ്രകാരമാണിത്.
ഒരുദിവസം 500 സര്‍വീസുകളുടെ നമ്പര്‍ എന്ന നിലയിലാണ് മാറ്റിയത്. 3000-ല്‍പ്പരം സര്‍വീസുകളുടെ നമ്പറുകളാണ് ആറുദിവസത്തില്‍ മാറ്റിയത്. നമ്പറും നിരക്കും പഴയനിലയിലാക്കിയെങ്കിലും മെയില്‍/എക്‌സ്പ്രസ് സര്‍വീസുകളിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റുകളിലെ റിസര്‍വേഷന്‍ തുടരും. ഘട്ടംഘട്ടമായി ഇതും അവസാനിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഇളവ് വരുത്തിയിട്ടില്ലെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. എ.സി. കോച്ചില്‍ കിടക്കവിരിയും തലയണയും നല്‍കുന്നത് പുനഃസ്ഥാപിച്ചിട്ടില്ല.