മോസ്‌കോ: യു.എസിനെ മറികടന്ന് ബഹിരാകാശത്ത് ആദ്യസിനിമ ചിത്രീകരിക്കാന്‍ റഷ്യന്‍ നടി യൂലിയ പെരെസില്‍ഡും സംവിധായകന്‍ ക്ലിം ഷിപെന്‍കോയും ക്യാമറയും തൂക്കി ചൊവ്വാഴ്ച അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് പുറപ്പെട്ടു. റോസ്‌കോസ്‌മോസിന്റെ സോയുസ് എം.എസ്.-19 വാഹനമാണ് കസാഖ്സ്താനിലെ ബൈകനൂരില്‍നിന്ന് മൂവരെയും ബഹിരാകാശത്തേക്ക് കൊണ്ടുപോയത്. ചിത്രീകരണം പൂര്‍ത്തിയാക്കി 12 ദിവസത്തിനുശേഷം ഇവര്‍ ഭൂമിയിലേക്ക് മടങ്ങും. പേരെടുത്ത ബഹിരാകാശയാത്രികന്‍ ആന്റണ്‍ ഷിപെന്‍കോക്കിനൊപ്പമാണ് സംഘം പോയത്. ഹൃദ്രോഗംവന്ന് ബഹിരാകാശനിലയത്തില്‍ അകപ്പെട്ടുപോയ സഞ്ചാരിയെ രക്ഷിക്കാന്‍ വനിതാ സര്‍ജനെ അയക്കുന്ന കഥ പ്രമേയമാക്കിയുള്ള ‘ചാലഞ്ച് ‘ എന്ന സിനിമയ്ക്കാണ് യഥാര്‍ഥ ബഹിരാകാശനിലയം വേദിയാവുക.
സ്‌പേസ് എക്‌സ് സ്ഥാപകന്‍ എലണ്‍ മസ്‌കിനും നാസയ്ക്കും ഒപ്പംചേര്‍ന്ന് ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂസ് ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കുമെന്ന് ഇക്കൊല്ലമാദ്യം പ്രഖ്യാപിച്ചിരുന്നു. ഇവരെയാണ് റഷ്യ കടത്തിവെട്ടിയത്. ആറുമാസമായി ബഹിരാകാശനിലയത്തില്‍ കഴിയുന്ന ഒലെഗ് നോവിറ്റ്‌സ്‌കിക്കൊപ്പമാകും നടിയും സംവിധായകനും ഭൂമിയിലേക്ക് തിരിച്ചെത്തുക.