കൊട്ടാരക്കര: പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതിന് രാജ്യത്ത് പൊലീസ് റജിസ്റ്റര്‍ ചെയ്ത മൂന്നാമത്തെ കേസ്. തെളിവുകളില്ലാത്തതിനാല്‍ മറ്റു രണ്ട് കേസുകളിലെയും പ്രതികളെ വിട്ടയയ്ക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ പുണെയിലും നാഗ്പുരിലും നടന്ന സമാന കൊലപാതകക്കേസുകളിലെ വിധികള്‍ കൊല്ലം റൂറല്‍ പൊലീസ് പരിശോധിച്ചിരുന്നു. വയോധികരായ ദമ്പതികളാണ് നാഗ്പുരില്‍ മരിച്ചത്. പുണെയില്‍ ഗൃഹനാഥനും. ഈ കേസുകളില്‍ ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല.
എന്നാല്‍ സാക്ഷികളില്ലാത്ത ഉത്ര കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും പരമാവധി ശേഖരിച്ചായിരുന്നു എസ്പി ഹരി ശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം. പാമ്പ് പിടുത്തക്കാരന്‍ വാവ സുരേഷ് മുതല്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ റിസര്‍ച് കേന്ദ്രം വരെ അന്വേഷണത്തിന്റെ ഭാഗമായി.വെല്ലുവിളി നിറഞ്ഞതായിരുന്നു അന്വേഷണം. വിഷയ വിദഗ്ധരെ ഉള്‍പ്പെടുത്തി പല സംഘങ്ങള്‍ രൂപീകരിച്ചു.
സൂരജ് നാട്ടുകാര്‍ക്കു മുന്നില്‍ നടത്തിയ പാമ്പ് പരിശീലനത്തെക്കുറിച്ചുള്ള വിവരങ്ങളാണ് കേസ് അന്വേഷണത്തിന് ഏറെ സഹായമായത് . തുടര്‍ന്ന് അന്വേഷണം പാമ്പ് പിടുത്തക്കാരന്‍ ചാത്തന്നൂര്‍ ചാവരുകാവ് സ്വദേശി സുരേഷിലേക്ക് എത്തി. രണ്ടു പാമ്പുകളെ സൂരജിനു വിറ്റെന്ന് സുരേഷ് സമ്മതിച്ചതോടെ കൊലപാതകമാണെന്ന സൂചനയായി . ഇതോടെ സൂരജ് നിരീക്ഷണത്തിലായി. ഉത്രയെ കടിച്ച മൂര്‍ഖന്‍ പാമ്പിന്റെ ജഡം വിദഗ്ധരുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തും തെളിവുകള്‍ ശേഖരിച്ചിരുന്നു.
കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്നു കരുതുന്ന അണലിയും മൂര്‍ഖനുമായി സൂരജ് നില്‍ക്കുന്ന ചിത്രങ്ങള്‍ നിര്‍ണായകമായി തെളിവായി. ജന്തുമൃഗ പരിപാലനവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ക്ലബ്ബുകളില്‍ സൂരജ് അംഗമായിരുന്നു.പാമ്പിന്റെ തലയ്ക്കടിച്ച് പ്രകോപിപ്പിച്ച് കടിപ്പിച്ചെന്നും ശാസ്ത്രീയമായി പൊലീസ് തെളിയിച്ചു. ഏഴു ദിവസം പാമ്പിനു ഭക്ഷണം കൊടുത്തിരുന്നില്ല. ഭക്ഷണം നല്‍കാതെ പാമ്പിനെ കുപ്പിയില്‍ സൂക്ഷിച്ചതായി ചോദ്യം ചെയ്യലില്‍ സൂരജ് പറഞ്ഞിരുന്നു.