കോവിഡിനെ ഏറ്റവും കൂടുതല്‍ അതിജീവിക്കാനുള്ള കഴിവ് കുട്ടികള്‍ക്കുണ്ടെന്നാണ് കരുതുന്നത്. അതിന് കാരണം അവരുടെ പ്രതിരോധ ശേഷി തന്നെ. ഈ ഒരു നിഗമനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറന്നപ്പോള്‍ അത് ആദ്യം എല്‍പി സ്‌കൂള്‍ കുട്ടികള്‍ക്കായി നിജപ്പെടുത്തിയത്. എന്നാല്‍, സ്‌കൂള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നപ്പോള്‍ തന്നെ ശിശുരോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ ഒരു വസ്തുത ഉണ്ടായിരുന്നു.
കുട്ടികളെ ബാധിക്കാവുന്ന കോവിഡാനന്തര പ്രശ്‌നങ്ങള്‍. കോവിഡ് വന്നവര്‍ക്കും രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കും വരാവുന്ന മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം-സി (മിസ്-സി). നവജാതര്‍ മുതല്‍ 19 വയസ് വരെ പ്രായമുള്ളവരില്‍ കണ്ടു വരാവുന്ന ഈ രോഗം ചിലര്‍ക്ക് മാരകമായേക്കാം. ശരീരത്തിന്റെ ആന്തരികാവയങ്ങള്‍ തകരാറിക്കുന്ന രോഗത്തിന്റെ മരണ നിരക്ക് ഒന്നു മുതല്‍ രണ്ടു ശതമാനം വരെയാണ്. എന്നാല്‍, ഈ രോഗത്തിന്റെ തീവ്രതയോ അനന്തരഫലങ്ങളോ സംബന്ധിച്ച് നമ്മുടെ മാതാപിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ വേണ്ടത്ര അറിവ് ലഭിച്ചിട്ടില്ല. കോവിഡിന്റെ ഈ കാലഘട്ടത്തില്‍ ഏതു ലക്ഷണവും മിസ്-സിയിലേക്കുള്ളതാകാം. ഇന്ത്യയില്‍ ഈ രോഗം കുട്ടികളില്‍ വര്‍ധിച്ചു വരികയാണ്.
ശ്വാസകോശം, വൃക്ക, കരള്‍, ഹൃദയം എന്നീ അവയവങ്ങളില്‍ ഏതെങ്കിലും ഒന്നിനെയോ ചിലപ്പോള്‍ ഒന്നിലധികത്തെയോ രോഗം ബാധിച്ചേക്കാം. ചികില്‍സ വൈകുന്തോറും രോഗി രക്ഷപ്പെടാനുള്ള സാധ്യതയും കുറയും. തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ ഇതിനോടകം 78 കുട്ടികളാണ് ഈ രോഗം ബാധിച്ച് ചികില്‍സ തേടിയിട്ടുള്ളതെന്ന് പീഡിയാട്രിക് അസോസിയേറ്റ് പ്രഫസര്‍ ഡോ. ജിജോ ജോസഫ് ജോണ്‍ പറയുന്നു. ചിലര്‍ക്ക് ഒന്നിലധികം അവയവങ്ങളെ ബാധിക്കുകയും ചെയ്തിരുന്നു.
എന്താണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം ഇന്‍ ചില്‍ഡ്രണ്‍ (MIS-C) ?
കുട്ടികളില്‍ ഒന്നിലേറെ അവയവങ്ങളെ ബാധിക്കുന്ന നീര്‍ക്കെട്ട് (inflammation ) ആണിത് . കോവിഡ് ബാധ ഉള്ളപ്പോളോ അതിനു ശേഷമോ ഉണ്ടാകാം. കൂടുതലും കോവിഡ് ബാധിച്ച് ഏകദേശം ഒരു മാസം കഴിയുമ്പോളാണ് കാണപ്പെടുന്നത്.
കോവിഡ് 19 എന്ന രോഗം മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ അത്ര ഗുരുതരമാകാറില്ല. ബഹുഭൂരിപക്ഷം പേരിലും ഒരു ലക്ഷണവും ഉണ്ടാകാതെ തന്നെ വൈറസ് ബാധ ഒഴിഞ്ഞു പോകും. (അതുകൊണ്ട് തന്നെ MIS – C എന്ന് രോഗം നിര്‍ണ്ണയിക്കപ്പെട്ട നല്ലൊരു ശതമാനം പേരും മുമ്പ് കോവിഡ് വന്നിട്ടുണ്ട് എന്ന കാര്യത്തെപ്പറ്റി അറിഞ്ഞു പോലും ഉണ്ടാവില്ല). മറ്റു ചിലരില്‍ ചെറിയ പനി, ചുമ, തൊണ്ടവേദന, ശരീര വേദന, വയറിളക്കം തുടങ്ങിയ ലഘുവായ ലക്ഷണങ്ങള്‍ കാണുന്നു. മറ്റു ഗുരുതര രോഗങ്ങളുളള കുട്ടികളിലാണ് ചിലപ്പോള്‍ കോവിഡ് ഗുരുതരമായി മാറാറുള്ളത്.
എന്നാല്‍ മിസ് – സി ( MIS – C) അങ്ങനെയല്ല. അത് ആര്‍ക്ക് വരും എന്ന് ഇന്നത്തെ അറിവ് വെച്ച് പ്രവചിക്കാന്‍ സാധ്യമല്ല. ഈ രോഗത്തെക്കുറിച്ചുളള നമ്മുടെ അറിവ് ഇന്ന് അപൂര്‍ണ്ണമാണ്. ക്രമേണ ചിത്രം കൂടുതല്‍ വ്യക്തമാകും എന്ന് കരുതാം. പൂര്‍ണ്ണ ആരോഗ്യവാന്‍മാരായ കുട്ടികളെയും, മുമ്പ് പ്രത്യേക ആരോഗ്യപ്രശ്‌നങ്ങളില്ലാത്തവരെയും ബാധിക്കാം. കോവിഡ് വൈറസ് ബാധിച്ചവരില്‍ മാത്രമാണ് ഇത് കാണപ്പെടുന്നത്. ഹൃദയം, രക്തക്കുഴലുകള്‍, വൃക്കകള്‍, ദഹന വ്യവസ്ഥ, തലച്ചോറ്, ചര്‍മ്മം, കണ്ണ് തുടങ്ങി വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഏത് അവയവത്തെയാണ് ബാധിച്ചിരിക്കുന്നത് എന്നതനുസരിച്ച് ലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. മുതിര്‍ന്നവരില്‍ കോവിഡ് സങ്കീര്‍ണ്ണമാകുമ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ശ്വാസകോശത്തെയാണ് എന്ന് നമുക്കറിയാം ( കോവിഡ് ന്യൂമോണിയ). എന്നാല്‍ MIS C യില്‍ ശ്വാസകോശത്തിന് തകരാറ് സംഭവിക്കുന്നത് അത്ര സാധാരണമല്ല.
20 വയസ്സു വരെ പ്രായമുള്ളവരില്‍ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ മാത്രമാണ് അതിനെ മിസ് – സി എന്നു പറയുക. 20 വയസ്സിനു മുകളിലുളളവരിലും കോവിഡിനെത്തുടര്‍ന്ന് ഇത്തരം ലക്ഷണങ്ങള്‍ കാണാം. ആ രോഗത്തെ മിസ് – എ (A = Adult – മുതിര്‍ന്നവര്‍) എന്ന് പറയുന്നു.
എത്രമാത്രം സാധാരണമാണ് ഈ രോഗം ?
അമേരിക്കയില്‍ നടന്ന ഒരു പഠനം കാണിക്കുന്നത് 10 ലക്ഷം ആളുകളില്‍ ഒരു മാസം അഞ്ചു പേര്‍ക്ക് എന്ന തോതില്‍ ഈ രോഗം ഉണ്ടാകുന്നു എന്നാണ്. കോവിഡ് വന്നവരെ മാത്രം കണക്കിലെടുക്കുകയാണെങ്കില്‍ ഇത് പത്ത് ലക്ഷം പേരില്‍ ഒരു മാസം 316 പേര്‍ക്ക് എന്ന തോതില്‍ ഉയരും. വളരെ അപൂര്‍വ്വമാണ് ഈ രോഗം എന്ന് ഇതില്‍ നിന്നും വ്യക്തമാണല്ലോ.
എന്തൊക്കെയാണ് രോഗ ലക്ഷണങ്ങള്‍ ?
-24 മണിക്കൂറിലധികം നീണ്ടു നില്‍ക്കുന്ന പനി ( കുട്ടികളില്‍ മുന്‍ കാലങ്ങളില്‍ പനി വളരെ സാധാരണമായിരുന്നു എങ്കിലും ഈ കോവിഡ് കാലഘട്ടത്തില്‍ മറ്റ് രോഗാണുക്കള്‍ മൂലം ഉള്ള പനി താരതമ്യേന കുറവാണ്)
-തൊലിപ്പുറമേ കാണുന്ന തിണര്‍പ്പ്
-വയറിളക്കം
-വയറുവേദന
-ഛര്‍ദ്ദി
-വല്ലാത്ത ക്ഷീണം
-ഹൃദയം പടപടാ മിടിക്കുന്നത് അറിയുക
-അസാധാരണമായ വേഗത്തില്‍ ശ്വാസം എടുക്കുക
-കണ്ണ് ചുവക്കുക
-ചുണ്ടും നാവും ചുവന്ന് വീര്‍ക്കുക
-കാല്‍പാദം, കൈപ്പത്തി എന്നിവ ചുവന്ന് നീരു വെക്കുക
-തലവേദന, തലചുറ്റല്‍
-കഴലകള്‍ തടിക്കുക
ഈ ലക്ഷണങ്ങള്‍ മറ്റ് പല സാധാരണ രോഗങ്ങളിലും കാണാറുണ്ട്. അതിനാല്‍ ഡോക്ടര്‍മാര്‍ മറ്റു സാധാരണ രോഗങ്ങളെന്തെങ്കിലും ആണോ എന്ന് പ്രത്യേകം ആലോചിക്കുകയും, ആവശ്യമായ പരിശോധനകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. മിസ്-സി ഉള്ള ഒരു കുട്ടിക്ക് മേല്‍ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ടാവുകയുമില്ല. അപൂര്‍വ്വമായാണെങ്കിലും ഇതിനു മുമ്പും കുട്ടികളില്‍ കാണാറുണ്ടായിരുന്ന കവാസാക്കി രോഗവുമായി ചില സാമ്യങ്ങള്‍ ഈ രോഗത്തിനുണ്ട്.
അപകട സൂചനകള്‍ :
-കടുത്ത വയറു വേദന
-ശ്വാസം മുട്ട്
-നെഞ്ച് വേദന
-നെഞ്ചില്‍ ഭാരം കയറ്റി വെച്ച പോലെ തോന്നുക
-വിരലുകളുടെ അഗ്രഭാഗം, നഖം, ചുണ്ട്, നാവ് എന്നിവിടങ്ങളില്‍ നീലിപ്പ് (രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞ് പോകുന്ന അവസ്ഥ)
-ചര്‍മ്മം പെട്ടെന്ന് വിളറി വെളുത്തതായോ, ചാരനിറമായോ കാണപ്പെടുക ( രക്തസമ്മര്‍ദ്ദം കുറഞ്ഞ് പോകുന്ന shock എന്ന അവസ്ഥ )
-പെട്ടെന്നുണ്ടാകുന്ന confusion
-ഉണര്‍ത്തിയാലും ഉണര്‍ന്നിരിക്കാന്‍ പറ്റാത്ത രീതിയില്‍ ഉള്ള മയക്കം.
കോവിഡ് ബാധിച്ചവര്‍ക്കാണ് പിന്നീട് MIS C വരുന്നത് എങ്കിലും, നേരത്തെ പറഞ്ഞ പോലെ, കോവിഡ് ലക്ഷണങ്ങള്‍ മുമ്പ് ഉണ്ടായിരുന്നിരിക്കണം എന്ന് നിര്‍ബന്ധമില്ല.
എപ്പോഴാണ് ഡോക്ടറെ സമീപിക്കേണ്ടത്?
ആദ്യം പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറുമായി ചര്‍ച്ച ചെയ്ത് ആവശ്യമുളള പരിശോധനകള്‍ ചെയ്യുക
മേല്‍ പറഞ്ഞ അപകട സൂചനകള്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുക.
മിസ് – സി എന്തുകൊണ്ട് ഉണ്ടാകുന്നു?
കൃത്യമായി അറിയില്ല.
കോവിഡ് വൈറസ് ബാധയെ തുടര്‍ന്നാണ് ഇത് ഉണ്ടാകുന്നത്. കോവിഡ് ബാധിച്ച് രണ്ടാഴ്ച മുതല്‍ 3 മാസം വരെയുള്ള കാലയളവിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത് എങ്കിലും കോവിഡ് രോഗം ബാധിച്ച അവസരത്തിലും ചിലപ്പോള്‍ കാണാറുണ്ട്.
നമ്മുടെ പ്രതിരോധ സംവിധാനം വൈറസിന്റെ ചില ഘടകങ്ങള്‍ക്കെതിരെ അമിതവും അസാധാരണവുമായി പ്രതികരിക്കുന്നത് കൊണ്ടാണ് എന്നാണ് അനുമാനം. ചിലര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ മുമ്പുണ്ടായിരിക്കാം, അന്ന് പരിശോധനകളിലൂടെ കോവിഡ് ആണ് എന്ന് തെളിഞ്ഞിരിക്കാം. അത്തരം രോഗം വന്നതായി ഉറപ്പില്ലാത്തവരില്‍ മുമ്പ് കോവിഡ് വന്നു മാറിയതിന്റെ തെളിവായി കോവിഡിനെതിരായി നമ്മുടെ ശരീരം ഉണ്ടാക്കുന്ന പ്രതിവസ്തു (Antibody) വിന്റെ സാന്നിധ്യം രക്തത്തില്‍ ഉണ്ടാകും.
മൂന്നു മുതല്‍ പന്ത്രണ്ട് വയസ്സുവരെയുള്ളവരിലാണ് കൂടുലായി കാണപ്പെടുന്നത് എങ്കിലും നവജാത ശിശുക്കളിലും കൗമാരപ്രായക്കാരിലും ഒക്കെ ഉണ്ടാകാം.
സങ്കീര്‍ണ്ണതകള്‍:
രോഗ നിര്‍ണ്ണയവും ചികില്‍സയും വൈകുകയാണെങ്കില്‍ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ച് മരണം വരെ സംഭവിക്കാം. ചിലരില്‍ ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും സ്ഥായിയായ തകരാറുണ്ടാകാം.
രോഗം വരാതെ നോക്കുന്നതെങ്ങനെ?
-കോവിഡ് വരാതെ നോക്കുക.
-ലഭ്യമാകുന്ന മുറക്ക് എല്ലാവരും വാക്‌സിന്‍ സ്വീകരിക്കുക.
-ശാരീരിക അകലം പാലിക്കല്‍, ഉചിതമായ രീതിയിലുള്ള മാസ്‌ക് ധാരണം (5 വയസ്സിനുമുകളിലുള്ള എല്ലാവരും), കൈകളുടെ ശുചിത്വം എന്നിവയില്‍ (SMS) ഒരു വിട്ടുവീഴ്ചയും പാടില്ല
-കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം isolated ആവുക
-കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ കഴിവതും സ്പര്‍ശിക്കാതിരിക്കുക, സ്പര്‍ശിക്കുന്നതിന് മുമ്പ് സോപ്പ് ഉപയോഗിച്ച് കൈ കഴുകുക
-ചുമക്കുമ്പോള്‍ തൂവാല കൊണ്ട് മുഖം മറക്കുക
എന്തൊക്കെ പരിശോധനകളാണ് വേണ്ടി വരിക ?
ഡോക്ടറുടെ പരിശോധനക്ക് ശേഷമാണ് എന്തൊക്കെ ലബോറട്ടറി പരിശോധനകള്‍ വേണമെന്ന് തീരുമാനിക്കുന്നത്.
മറ്റു കാരണങ്ങള്‍ മൂലമുള്ള പനിയാണോ എന്നറിയാനുള്ള പരിശോധനകള്‍ (രക്തം, മൂത്രം മുതലായവ)
നെഞ്ചിന്റെ എക്‌റേ പരിശോധന
എക്കോ കാര്‍ഡിയോഗ്രാഫി (ഹൃദയത്തിന്റെ പ്രവര്‍ത്തനം അറിയുന്നതിന്)
വയറിന്റെ അള്‍ട്രാസൗണ്ട് പരിശോധന
പ്രതിരോധ വ്യവസ്ഥ അമിതമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ ഉള്ള CRP, D DIMER തുടങ്ങിയ പരിശോധനകള്‍ .
മുമ്പ് കോവിഡ് വന്നിട്ടുണ്ടോ എന്നറിയാനുള്ള ആന്റിബോഡി പരിശോധന
ചികില്‍സ :
രോഗം വല്ലാതെ ഗുരുതരമാകുന്നതിന് മുമ്പ് കണ്ടുപിടിക്കുകയാണെങ്കില്‍ വളരെ ഫലപ്രദമായി ചികില്‍സിച്ച് ഭേദമാക്കാന്‍ സാധിക്കും. സ്റ്റീറോയ്ഡ് മരുന്നുകള്‍, Intravenous immunoglobulin, I V fluids, Heparin തുടങ്ങിയ മരുന്നുകള്‍ ഈ രോഗം ചികില്‍സിക്കാനായി ഉപയോഗിക്കാറുണ്ട്. മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ support ചെയ്യുന്ന ചികില്‍സ വേണ്ടി വന്നേക്കാം. ഹൃദയത്തെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന കാലയളവില്‍ വിശ്രമം വേണ്ടി വന്നേക്കാം. രോഗം ഭേദമായാലും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മുറയ്ക്ക് തുടര്‍ പരിശോധനകള്‍ വേണ്ടി വരും.
തുടക്കത്തില്‍ തന്നെ കണ്ടെത്തുകയാണെങ്കില്‍ ഫലപ്രദമായി ചികില്‍സിച്ച് ഭേദമാക്കാം എന്നതിനാല്‍ ജനങ്ങള്‍ക്ക് ഈ രോഗത്തെപ്പറ്റി ഒരു അവബോധം ആവശ്യമാണ്. അതേസമയം കോവിഡ് വന്ന കുട്ടികളില്‍ വളരെ വളരെ ചെറിയ ശതമാനത്തിന് മാത്രമേ ഈ ഗുരുതര രോഗം വരുന്നുള്ളൂ എന്നതിനാല്‍ അകാരണമായ ഭീതി പരത്തുന്ന തരത്തിലുള്ള പ്രചാരണം ഒഴിവാക്കേണ്ടതാണ്.
കണക്കുകള്‍ നമ്മോടു പറയുന്നതെന്ത്?
കോവിഡ് ബാധിതരാകുന്ന കുട്ടികളില്‍ 50-80% വരെ ലക്ഷണങ്ങള്‍ ഒന്നും തന്നെയുണ്ടാകുന്നില്ല. 2-3% കുട്ടികള്‍ക്ക് മാത്രമേ അസുഖം പിടിപെട്ടാല്‍ രോഗമൂര്‍ച്ഛ കാരണം ആശുപത്രികളില്‍ കിടത്തിചികിത്സ ആവശ്യമായി വരുന്നുള്ളൂ.
കുട്ടികളില്‍ രോഗതീവ്രത കുറയാനുള്ള കാരണങ്ങള്‍?
??കൊറോണ വൈറസ് നമ്മുടെ കോശങ്ങളില്‍ കയറി വിളയാടാന്‍ ആശ്രയിക്കുന്ന ACE റിസെപ്റ്ററുകള്‍ ( മനുഷ്യന്റെ ശ്വാസകോശം, ആമാശയം, തലച്ചോറ്, വൃക്ക, ഹൃദയം, കണ്ണ് എന്നിവിടങ്ങളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത് ) കുട്ടികളില്‍ താരതമ്യേന കുറവാണ്.തന്മൂലം വൈറസിന് അവരുടെ ശരീരത്തില്‍ പെറ്റുപെരുകാനുള്ള അന്തരീക്ഷമില്ല.
??കുട്ടികളില്‍ ജീവിതശൈലി രോഗങ്ങളും മറ്റും കുറവായിരിക്കും
??വൈറസിനെ ചെറുക്കാനുള്ള ശ്വേത രക്താണുക്കള്‍(Lymphocytes) കുട്ടികളില്‍ കൂടുതലാണ്.
?? പുകവലിയും മറ്റുമില്ലാത്തതിനാല്‍ ശ്വാസകോശവും രക്തക്കുഴലുകളും ആരോഗ്യമുള്ളതായിരിക്കും.കോവിഡ് മൂര്‍ച്ഛിച്ചു ന്യൂമോണിയ സങ്കീര്‍ണമാകാതിരിക്കാനും രക്തം കട്ടപിടിക്കാതിരിക്കാനും ഒക്കെ ഇത് സഹായകമാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. മോഹന്‍ദാസ് നായര്‍, ഇന്‍ഫോ ക്ലിനിക്
ഡോ. ജിജോ ജോസഫ് ജോണ്‍
(അസോസിയേറ്റ് പ്രഫസര്‍, പീഡിയാട്രിക്‌സ്, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ്, തിരുവല്ല)
ഡോ. സജ്ന സഈദ്
ശിശുരോഗ വിദഗ്ധ
അസിസ്റ്റന്റ് സര്‍ജന്‍
പ്രാഥമികാരോഗ്യ കേന്ദ്രം
ചെറുകുന്ന് പുന്നച്ചേരി