ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് മൂന്നാംവ്യാപനം അവസാനിച്ചതായി സര്‍ക്കാര്‍ വിലയിരുത്തല്‍. സംസ്ഥാനത്ത് ഒമിക്രോണിനെത്തുടര്‍ന്നുള്ള രോഗവ്യാപനത്തിന് ശമനമായെന്ന് കരുതുന്നതായി ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യന് പറഞ്ഞു. എന്നാല്‍ മുന്‍കരുതല്‍ നടപടികള്‍ തുടരുമെന്നും വാക്സിന് കുത്തിവെപ്പ് ഊര്‍ജിതമായി നടത്തുമെന്നും മന്ത്രി അറിയിച്ചു.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 30,000-ല്‍ നിന്ന് 3,000 ആയി കുറഞ്ഞതിനാലാണ് രോഗവ്യാപനം ശമിക്കുന്നുവെന്ന് വിലയിരുത്തുന്നത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തോളമാണ്. മുമ്പ് 20 ശതമാനമായി പോസിറ്റിവിറ്റി ഉയര്‍ന്നിരുന്നു.
ജനുവരി ആദ്യവാരത്തിലാണ് തമിഴ്നാട് സര്‍ക്കാര്‍ സംസ്ഥാനത്ത് കോവിഡ് മൂന്നാംവ്യാപനം സ്ഥിരീകരിച്ചത്. അതിനുശേഷം രണ്ടാഴ്ചയിലേറെ അതിവ്യാപനം തുടരുകയായിരുന്നു. ജനുവരി 26-ഓടെ രോഗവ്യാപനം കുറഞ്ഞു തുടങ്ങി. പിന്നീട് ഒരോ ദിവസവും പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു. രോഗം ബാധിച്ചവരില്‍ തന്നെ അഞ്ചുശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് കാര്യമായ ലക്ഷണങ്ങളുണ്ടായിരുന്നത്. രോഗവ്യാപനം ശമിച്ചുവെങ്കിലും മുഖാവരണം ധരിക്കുന്നത് അടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ഉപേക്ഷിക്കാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണന് അറിയിച്ചു.