ദുബായ്:ലോക രാജ്യങ്ങളുടെ ബഹിരാകാശ സ്വപ്നങ്ങളുടെയും ഭാവിപദ്ധതികളുടെയും ‘കൗണ്ട്ഡൗണ്‍’ എക്‌സ്‌പോയില്‍ ഇന്ന് ആരംഭിക്കും. 23 വരെയുള്ള ബഹിരാകാശ വാരാചരണത്തില്‍ ഇന്ത്യയടക്കം 60ല്‍ ഏറെ രാജ്യങ്ങള്‍ ഇതുവരെയുള്ള നേട്ടങ്ങളുടെ കൂടുതല്‍ വിവരങ്ങളും പുതിയ പദ്ധതികളും പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ.
കരാറുകള്‍ക്കും കൂട്ടായ്മകള്‍ക്കും സംയുക്ത സംരംഭങ്ങള്‍ക്കും അവസരമൊരുങ്ങും. ചര്‍ച്ചകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയില്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍, യാത്രികര്‍, വിദ്യാഭ്യാസ-സാങ്കേതിക വിദഗ്ധര്‍, ഗവേഷക വിദ്യാര്‍ഥികള്‍, സ്വകാര്യ സംരംഭകര്‍ എന്നിവര്‍ പങ്കെടുക്കും. ഒട്ടേറെ കാഴ്ചകളിലേക്കും കൗതുകങ്ങളിലേക്കും സന്ദര്‍ശകര്‍ക്കു യാത്ര പോകാം. ഇന്ത്യ പവിലിയനിലെ ബഹിരാകാശ മേഖലയില്‍ ‘സൗരയൂഥ’മാണ് കാത്തിരിക്കുന്നത്.
യുഎഇ സ്‌പേസ് ഏജന്‍സി, മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ (എംബിആര്‍എസ് സി) എന്നിവയുമായി സഹകരിച്ചാണ് പരിപാടികള്‍. ഇന്ത്യയ്ക്കു പുറമേ യുഎഇ, യുഎസ്, റഷ്യ, ദക്ഷിണ കൊറിയ, ജര്‍മനി, ജപ്പാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ പവിലിയനുകളിലും പ്രധാന പ്രമേയങ്ങളിലൊന്ന് ബഹിരാകാശമാണ്. വിവിധ മേഖലകളിലെ ഭാവി പദ്ധതികള്‍ക്ക് ഏറ്റവും വിലപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ ബഹിരാകാശ ദൗത്യങ്ങള്‍ക്കു കഴിയുമെന്ന് യുഎഇ രാജ്യാന്തര സഹകരണ മന്ത്രിയും എക്‌സ്‌പോ 2020 ദുബായ് ഡയറക്ടര്‍ ജനറലുമായ റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി പറഞ്ഞു.
കാലാവസ്ഥാ മാറ്റം, കൃഷി, ജല ലഭ്യത, സമുദ്ര സംരക്ഷണം തുടങ്ങിയ മേഖലകള്‍ക്കാവശ്യമായ പല വിവരങ്ങളും ഉപഗ്രഹങ്ങള്‍ കൈമാറുന്നു. ലഭ്യമായ വിവരങ്ങള്‍ ഇതര രാജ്യങ്ങളുമായി പങ്കുവച്ച് സംയുക്ത കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കുന്നതായി ചൂണ്ടിക്കാട്ടി. അല്‍ അമല്‍ ചൊവ്വാ ദൗത്യത്തില്‍ നിന്ന് വിലപ്പെട്ട ഒട്ടേറെ വിവരങ്ങള്‍ ലഭ്യമായതായി ശാസ്ത്ര സാങ്കേതിക സഹമന്ത്രി സാറ ബിന്‍ത് യൂസഫ് അല്‍ അമിരി പറഞ്ഞു.