ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ 12 വയസ്സുകാരിയുടെ തലയ്ക്കു പരുക്ക്

0 second read
0
0

കണ്ണൂര്‍: ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ 12 വയസ്സുകാരിയുടെ തലയ്ക്കു പരുക്ക്. കോട്ടയം പാമ്പാടി മീനടത്തെ കുഴിയാത്ത് എസ്.രാജേഷിന്റെയും രഞ്ജിനിയുടെയും മകള്‍ കീര്‍ത്തനയ്ക്കാണു പരുക്കേറ്റത്. കുടുംബാംഗങ്ങള്‍ക്കൊപ്പം മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനു ശേഷം മംഗളൂരു – തിരുവനന്തപുരം എക്‌സ്പ്രസില്‍ (16348) കോട്ടയത്തേക്ക് മടങ്ങുമ്പോള്‍ താഴെചൊവ്വയ്ക്കും എടക്കാട് റെയില്‍വേ സ്റ്റേഷനും ഇടയിലാണ് സംഭവം.

അച്ഛമ്മ വിജയകുമാരിക്കൊപ്പം എസ് 10 കോച്ചില്‍ ഇരുന്ന് പുറംകാഴ്ചകള്‍ കണ്ട് തിരിയുന്നതിനിടെയാണു കീര്‍ത്തനയ്ക്കു കല്ലേറുകൊണ്ടത്. ‘അമ്മേ…’ എന്നു വിളിച്ച് കരയുന്നതു കേട്ട് നോക്കുമ്പോള്‍ തലയുടെ ഇടതുവശത്തു നിന്നു ചോരയൊഴുകുന്നുണ്ടായിരുന്നു. ബഹളംകേട്ട് ടിടിഇയും റെയില്‍വേ ജീവനക്കാരും ഓടിയെത്തി. ഇതിനിടെ യാത്രക്കാരില്‍ ആരോ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. യാത്രക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി പ്രാഥമിക ശുശ്രൂഷ നല്‍കി.

ട്രെയിന്‍ തലശ്ശേരിയില്‍ എത്തിയ ഉടന്‍ ആര്‍പിഎഫും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് കീര്‍ത്തനയെ മിഷന്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. തുടര്‍ന്ന് രാത്രി 9.15നു മലബാര്‍ എക്‌സ്പ്രസില്‍ മാതാപിതാക്കള്‍ക്കൊപ്പം കോട്ടയത്തേക്കു യാത്ര തുടര്‍ന്നു. കല്ലേറുണ്ടായ പ്രദേശത്ത് ആര്‍പിഎഫും റെയില്‍വേ പൊലീസും പരിശോധന നടത്തി. മംഗളൂരുവിനും കണ്ണൂരിനും ഇടയില്‍ ട്രെയിനു നേരെ കല്ലെറിയുന്നതും ട്രാക്കില്‍ കല്ല് നിരത്തുന്നതുമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നു റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഓഗസ്റ്റ് 30ന് ഉള്ളാള്‍ സ്റ്റേഷനു സമീപം ട്രെയിനിനു കല്ലെറിഞ്ഞ സംഭവത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പിടിയിലായിരുന്നു. ട്രാക്കില്‍ കല്ലു നിരത്തിയ സംഭവങ്ങളില്‍ നാലാഴ്ചയ്ക്കിടെ 5 കേസെടുത്തു. റെയില്‍വേ ഉപേക്ഷിച്ച പാളത്തിന്റെ ഭാഗം മുറിഞ്ഞു കിട്ടുന്നതിനായി ട്രാക്കില്‍ നിരത്തിയ ആക്രി പെറുക്കുന്ന സ്ത്രീയെ അറസ്റ്റ് ചെയ്തതും കഴിഞ്ഞയാഴ്ചയാണ്.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…