തായ്പെയ് സിറ്റി: തയ്വാനില്‍ ശക്തമായ നാശനഷ്ടങ്ങള്‍ വരുത്തി റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പം. കുറഞ്ഞത് 3 കെട്ടിടങ്ങള്‍ തകര്‍ന്നു. റോഡുകള്‍, പാലങ്ങള്‍ എന്നിവയ്ക്കു നാശനഷ്ടം ഉണ്ടായി. വിവിധ ട്രെയിനുകള്‍ പാളം തെറ്റി. പ്രാദേശിക സമയം ഞായര്‍ ഉച്ചയ്ക്ക് 2.44നാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു.
തൈതുങ് കൗണ്ടിയാണ് പ്രഭവകേന്ദ്രം. മേഖലയില്‍ ശനിയാഴ്ച വൈകുന്നേരം 6.4 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ആരും മരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹുവാലിയെനിലെ യൂലി ടൗണ്‍ഷിപ്പില്‍ മൂന്നുനിലക്കെട്ടിടം തകര്‍ന്നുവീണു. ഇവിടെ കുടുങ്ങിക്കിടന്ന നാലുപേരെ രക്ഷപ്പെടുത്തി. മേഖലയിലെ മറ്റു രണ്ടു കെട്ടിടങ്ങള്‍ക്കൂടി തകര്‍ന്നെങ്കിലും ആരും അതിനുള്ളില്‍ ഇല്ലായിരുന്നു. രണ്ടു പാലങ്ങള്‍ തകര്‍ന്നു. മറ്റു രണ്ടെണ്ണത്തിന് നാശനഷ്ടമുണ്ടായിട്ടുണ്ട്.
ഹുവാലിയെനിലെ ഡോങ്ലി സ്റ്റേഷനില്‍ ഒരു ട്രെയിന്‍ പാളംതെറ്റിയതായി തയ്വാന്‍ റെയില്‍വെ അഡ്മിനിസ്‌ട്രേഷന്‍ (ടിആര്‍എ) അറിയിച്ചു. സൂനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതിനിടെ, ഭൂകമ്പത്തില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ ആടിയുലയുന്നതിന്റെ വിഡിയോ പുറത്തുവന്നു.
തലസ്ഥാനമായ തായ്പെയിലും തെക്കുപടിഞ്ഞാറന്‍ നഗരമായ കാവോസിയുങ്ങിലും പ്രകമ്പനം എത്തി. തുടര്‍ ചലനങ്ങള്‍ ഉണ്ടായേക്കുമെന്നും കരുതിയിരിക്കണമെന്നും തയ്വാന്‍ പ്രസിഡന്റ് സായ് ഇങ്‌വെന്‍ മുന്നറിയിപ്പു നല്‍കി. ചില മേഖലകളിലെ ജല, വൈദ്യുതി വിതരണം തടസ്സപ്പെട്ടു.