തിരുവല്ല: ഡല്‍ഹി ഭദ്രാസനാധ്യക്ഷന്‍ ആയിരുന്ന ഡോ. ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ് എപ്പിസ്‌കോപ്പയ്ക്ക് വിലക്കേര്‍പ്പെടുത്തി മാര്‍ത്തോമ്മ സഭ. മാര്‍ സ്തേഫാനോസ് ഇനി മാരാമണ്‍ ഹെര്‍മിറ്റേജില്‍ കഴിയണമെന്നും മെത്രാപ്പോലീത്ത ചുമതലപ്പെടുത്തുന്ന ശുശ്രൂഷകള്‍ മാത്രം നിര്‍വഹിച്ചാല്‍ മതിയെന്ന് സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ശെമ്മാശന്‍മാരെയും കശീശമാരെയും പട്ടം കെട്ടുന്നതിനും പള്ളികളും മദ്ബഹകളും കൂദാശ ചെയ്യുന്നതിനും മെത്രാപ്പോലീത്ത അനുവദിക്കുന്നത് വരെ പറ്റില്ല. നിലവില്‍ നിരണം ഭദ്രാസനത്തില്‍ സഹായ മെത്രാന്‍ ആയിരുന്ന എപ്പിസ്‌കോപ്പ കഴിഞ്ഞ സഭാ സിനഡില്‍ ഹാജരായി തന്റെ വീഴ്ചകള്‍ ഏറ്റു പറഞ്ഞ് ഖേദം പ്രകടിപ്പിച്ചിരുന്നു. അതിന് ശേഷം തന്റെ അപാകതകളും വീഴ്ചകളും പരിഹരിക്കുന്നതിന് സഹകരിക്കാതിരുന്ന പശ്ചാത്തലത്തിലാണ് നടപടിയെടുത്തു കൊണ്ട് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
2016 ഏപ്രില്‍ ഒന്നിനാണ് ഡല്‍ഹി ഭദ്രാസനത്തിന്റെ എപ്പിസ്‌കോപ്പയായി മാര്‍ സ്തേഫാനോസ് ചുമതലയേറ്റത്. 2021 ന് ജനുവരി 27 ന് കൂടിയ എപ്പിസ്‌കോപ്പല്‍ സിനഡിന്റെ തീരുമാന പ്രകാരം നിരണം-ഭദ്രാസന സഹായ
എപ്പിസ്‌കോപ്പയായി സ്തേഫാനോസിനെ നിയമിച്ചു. ഡല്‍ഹി ഭദ്രാസനത്തിന്റെ ചുമതല മെത്രാപ്പോലീത്ത നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു. സ്തേഫാനോസ് ഡല്‍ഹി ഭദ്രാസന എപ്പിസ്‌കോപ്പയായിരിക്കുമ്പോള്‍
സഭയുടെ നടത്തിപ്പിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ആസ്തി
ബാധ്യതകളുടെ ക്രയവിക്രയത്തിലും സുതാര്യതക്കുറവുണ്ടായി. ഭദ്രാസനത്തിനും നോര്‍ത്തേണ്‍ ഇന്ത്യാ സോണല്‍ അസംബ്ലിക്കും (നിസ) സാമ്പത്തിക നഷ്ടം വരുത്തി വച്ചു.
പൊതുതീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഭദ്രാസനാധ്യക്ഷന്‍ എന്ന നിലയില്‍ ഏകാധിപത്യ പ്രവണതകള്‍ കാട്ടി. ഭദ്രാസന ചുമതലക്കാരുമായി കൂടിയാലോചനകള്‍ നടത്താതിരുന്നത് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. കോവിഡ് കാലയളവില്‍ ഓണ്‍ലൈന്‍ സൗകര്യം ഉണ്ടായിരുന്നിട്ടും ഒരു വര്‍ഷത്തോളം ഭദ്രാസന കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാതെ കൃത്യവിലോപം കാണിച്ചു. ഇത് ഭരണ ഘടനാപരമായ കൃത്യവിലോപമാണെന്ന് മെത്രാപ്പോലീത്ത സര്‍ക്കുലറില്‍ പറയുന്നു.
ഭദ്രാസന കൗണ്‍സിലിന്റെയോ നിസ കൗണ്‍സിലിന്റെയോ അനുമതിയോ ആലോചനയോ ഇല്ലാതെ രാജസ്ഥാനില്‍ ഭരത്പൂരിലെ സ്‌കൂള്‍ വാങ്ങുന്നതിന് അഡ്വാന്‍സ് നല്‍കി. നാലു വര്‍ഷത്തോളം ഇടപാടുകള്‍ നടത്തിയിട്ടും സ്‌കൂളും അതിന്റെ ഭരണ നിര്‍വഹണവും പൂര്‍ണമായി നിസ സൊസൈറ്റിയുടെ നിയന്ത്രണത്തിലാക്കാന്‍ സാധിക്കാതിരുന്നത് വളരെ ഗൗരവകരമായ അപാകതകളാണ്.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി ഭദ്രാസനത്തിലെ വിശ്വാസികളില്‍ നിന്നും പരാതികള്‍ ഉയരുകയും കോടതി കേസുകള്‍ ഉണ്ടാവുകയും ചെയ്തു. ഏതാനും ചില പട്ടക്കാര്‍ക്കും അത്മായര്‍ക്കും ഭദ്രാസനാധ്യക്ഷന്‍ കൂടുതല്‍ ആനുകൂല്യങ്ങളും അവസരങ്ങളും നല്‍കി. പട്ടക്കാര്‍ക്കിടയില്‍ ധ്രുവീകരണത്തിന് ഇതു കാരണമായി.
സഭയോടും അതിന്റെ മെത്രാപ്പോലീത്തയോടും വിശ്വസ്തതയും ഭക്തിയും അനുസരണയും കാണിക്കേണ്ട എപ്പിസ്‌കോപ്പ 2021 ജനുവരി 27 ന് അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ നിരസിച്ചു കൊണ്ട് നിസയുടെ പൊതുയോഗം വിളിച്ചു ചേര്‍ത്തു. നിസയുടെ ഭരണ ഘടന നിര്‍ദേശിക്കുന്ന തരത്തില്‍ ആവശ്യത്തിന് നോട്ടീസ് സമയം നല്‍കാതെയാണ് പൊതുയോഗം വിളിച്ചത്. നിയമാനുസരണമല്ലാതെ ചേര്‍ന്ന യോഗത്തിന്റെ മിനുട്സ് അന്നേ ദിവസം തന്നെ സൊസൈറ്റി രജിസ്ട്രാറുടെ ഓഫീസില്‍ നല്‍കി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഭദ്രാസനാധ്യക്ഷനും ചുമതലക്കാരും കാണിച്ച തിടുക്കം ആശാസ്യമായില്ലെന്ന് മെത്രാപ്പോലീത്ത പറയുന്നു. ഇതേ തുടര്‍ന്നാണ് എപ്പിസ്‌കോപ്പല്‍ സിനഡ് ചേര്‍ന്ന് മാര്‍ സ്തേഫാനോസ് എപ്പിസ്‌കോപ്പയെ തിരികെ വിളിക്കാന്‍ തീരുമാനിച്ചത്.
2018 സെപ്റ്റംബര്‍ 14 ന് നടന്ന ഡല്‍ഹി ഭദ്രാസന കൗണ്‍സിലില്‍ അന്നത്തെ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ത്തോമ്മ അധ്യക്ഷത വഹിക്കുകയും സ്‌കൂള്‍ വാങ്ങുന്ന വിഷയത്തില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അത് പാലിക്കപ്പെടാതിരുന്നപ്പോള്‍ ഇതേപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏകാംഗ കമ്മിഷനെ നിയോഗിച്ചു. അതിന്റെ റിപ്പോര്‍ട്ട് ലഭിച്ചുവെങ്കിലും സമഗ്രാന്വേഷണം ആവശ്യമാകയാല്‍ സീനിയര്‍ സഫ്രഗന്‍ മെത്രാപ്പോലീത്ത അധ്യക്ഷനായുളള ഒരു അഞ്ചംഗ കമ്മിഷനെ നിയോഗിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി മാര്‍ സ്തേഫാനോസിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എപ്പിസ്‌കോപ്പ നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നില്ല. അതിനാല്‍ ഒരു മൂന്നംഗ കമ്മിഷനെ കൂടി അന്വേഷണത്തിന് നിയോഗിച്ചു. ഇവരെല്ലാം ഭദ്രാസനത്തില്‍ വന്നിട്ടുളള അപാകതകള്‍ രേഖാമൂലം റിപ്പോര്‍ട്ട് ചെയ്തു.
2021 ജനുവരി 27 ന് ശേഷം 15 പ്രാവശ്യം സിനഡ് ചേരുകയും പല പ്രാവശ്യം ഡല്‍ഹി വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 21 മുതല്‍ 23 വരെ ചേര്‍ന്ന എപ്പിസ്‌കോപ്പല്‍ സിനഡില്‍ സ്തേഫാനോസ് എപ്പിസ്‌കോപ്പ പരിഹാരം തേടേണ്ടതായ 10 കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി. ഏപ്രില്‍ 19 ന് ചേര്‍ന്ന സിനഡില്‍ മാര്‍ സ്തേഫാനോസ് എപ്പിസ്‌കോപ്പ, മെത്രാപ്പോലീത്തയോട് അനുസരണക്കേട് കാട്ടിയെന്നും ഭരണ പരവും സാമ്പത്തികവുമായ ഇടപാടുകളില്‍ പോരായ്മ വന്നിട്ടുണ്ടെന്നും കൂട്ടായ പ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചെന്നും സിനഡ് തീരുമാനങ്ങള്‍ പാലിക്കുന്നതില്‍ അശ്രദ്ധയുണ്ടായെന്നും സമ്മതിച്ച് ഖേദം അറിയിച്ചു. അവ ഇനി മേലില്‍ ആവര്‍ത്തിക്കുകയില്ലെന്നും നിസാ സൊസൈറ്റിയുടെ കീഴിലുള്ള കാര്യങ്ങള്‍ ക്രമപ്പെടുത്തുന്നതില്‍ ഇപ്പോഴത്തെ ഭദ്രാസന എപ്പിസ്‌കോപ്പയെ സഹായിക്കാമെന്നും ഫെബ്രുവരിയിലെ സിനഡില്‍ നല്‍കിയ 10 കാര്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാമെന്ന് അറിയിക്കുകയും
ചെയ്തു.
എന്നാല്‍ പിന്നീട് നല്‍കിയ കത്തുകളിലൂടെ എപ്പിസ്‌കോപ്പ തന്റെ നിലപാടുകള്‍ മാറ്റി. വാക്കുകളിലും പ്രവര്‍ത്തിയിലും പൊരുത്തക്കേടുണ്ടായി. സിനഡിന്റെ നിര്‍ദേശപ്രകാരം അപാകതകള്‍ പരിഹരിക്കുന്നതിന് പരമാവധി സമയം നല്‍കിയിട്ടും എപ്പിസ്‌കോപ്പ സഹകരിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കുലര്‍ പ്രസിദ്ധീകരിക്കേണ്ടി വന്നതെന്ന് മെത്രാപ്പോലീത്ത പറയുന്നു. മെത്രാപ്പോലീത്തയെ അനുസരിച്ചും സിനഡ് തീരുമാനങ്ങള്‍ പാലിച്ചും സഭയുടെയും ഡല്‍ഹ ഭദ്രാസനത്തിന്റെയും നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുകയും അത് സിനഡിന് ബോധ്യമാവുകയും ചെയ്യുന്നത് വരെ മാര്‍ സ്തേഫാനോസ് എപ്പിസ്‌കോപ്പയെ സംബന്ധിച്ച് നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും സര്‍ക്കുലറിലുണ്ട്.