തിരുവനന്തപുരം മെഡി. കോളജിന്റെ പേരില്‍ തട്ടിപ്പ്; മൂന്നാര്‍ സ്വദേശിയായ പെണ്‍കുട്ടി തട്ടിപ്പു തിരിച്ചറിഞ്ഞത് മെഡിക്കല്‍ കോളജില്‍ നേരിട്ടുപോയപ്പോള്‍

0 second read
0
0

മൂന്നാര്‍: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠനത്തിന് പ്രവേശനം ലഭിച്ചതായി വ്യാജ ഇമെയില്‍ സന്ദേശമയച്ചും ഓണ്‍ലൈനില്‍ ക്ലാസ് നടത്തിയും തട്ടിപ്പു നടത്തിയതായി പരാതി. സന്ദേശം വിശ്വസിച്ച് ആറുമാസം ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത മൂന്നാര്‍ സ്വദേശിയായ പെണ്‍കുട്ടി തട്ടിപ്പു തിരിച്ചറിഞ്ഞത് മെഡിക്കല്‍ കോളജില്‍ നേരിട്ടുപോയപ്പോള്‍.

മൂന്നാറിലെ സ്വകാര്യ സ്‌കൂളില്‍ നിന്ന് പ്ലസ്ടുവിന് ഉന്നതവിജയം നേടിയ പെണ്‍കുട്ടി 2022ലെ നീറ്റ് പരീക്ഷയിലും ഉയര്‍ന്ന മാര്‍ക്ക് നേടിയിരുന്നു. സംവരണവിഭാഗത്തില്‍പെട്ട കുട്ടി വിവിധ മെഡിക്കല്‍ കോളജുകളില്‍ അപേക്ഷ നല്‍കി. പ്രവേശന നടപടികള്‍ പൂര്‍ത്തിയായി സീറ്റ് ലഭിച്ചതായി തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പേരില്‍ പെണ്‍കുട്ടിക്ക് ഇമെയില്‍ സന്ദേശം ലഭിച്ചു. 25,000 രൂപ ഫീസായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ആദ്യ ഗഡുവായി 10,000 രൂപ ഗൂഗിള്‍ പേ വഴി അടച്ചു.

2022 നവംബറില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചു. 2 സ്ത്രീകളും ഒരു പുരുഷനുമായിരുന്നു ക്ലാസുകളെടുത്തിരുന്നത്. കോളജില്‍ വരാന്‍ നിര്‍ദേശിച്ച് 3 പ്രാവശ്യം ഇമെയില്‍ വന്നെങ്കിലും പിന്നീടു വരേണ്ട എന്ന സന്ദേശം ലഭിച്ചതിനാല്‍ യാത്ര മാറ്റിവച്ചു. എന്നാല്‍, ജൂണ്‍ 24നു മെഡിക്കല്‍ കോളജില്‍ നേരിട്ടു ഹാജരാകാനാവശ്യപ്പെട്ടു വീണ്ടും സന്ദേശം ലഭിച്ചു. തലേദിവസം പോകാന്‍ ഒരുങ്ങുന്നതിനിടയില്‍ വരേണ്ട എന്ന സന്ദേശം മറ്റൊരു മെയില്‍ ഐഡിയില്‍ നിന്നു ലഭിച്ചതോടെ കുട്ടിക്കും മാതാപിതാക്കള്‍ക്കും സംശയമായി. ഇവര്‍ അന്നു തന്നെ തിരുവനന്തപുരത്തേക്കു തിരിച്ചു. 24നു കോളജിലെത്തി പ്രിന്‍സിപ്പലിനെ കണ്ടപ്പോഴാണു തട്ടിപ്പു തിരിച്ചറിയുന്നത്. മെഡിക്കല്‍ കോളജിലെ അതേ ക്ലാസുകളാണ് ഓണ്‍ലൈനായി പെണ്‍കുട്ടി ആറുമാസം പഠിച്ചതെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചതായി പരാതിയില്‍ പറയുന്നു.

ഇമെയില്‍ വിലാസം, പണം ഓണ്‍ലൈനായി കൈമാറിയ മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കി

 

Load More Related Articles
Load More By Editor
Load More In Exclusive

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…