ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം റമസാന്‍ അതിഥികളെ സ്വീകരിച്ചു. ദുബായിലെ എമിറേറ്റ്സ് ടവറില്‍ നടന്ന പരിപാടിയില്‍ നിലവിലുള്ളതും മുന്‍കാല മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിരമിച്ച സൈനികരും സാധാരണക്കാരും കൂടാതെ വിദേശ നിക്ഷേപകരും ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി അടക്കമുള്ള വിശിഷ്ട വ്യക്തികളും പങ്കെടുത്തു.
ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരും അഭ്യുദയകാംക്ഷികളുടെ ആശംസകള്‍ സ്വീകരിച്ചു. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും ദുബായ് എയര്‍പോര്‍ട്ട്സ് ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം, ദുബായ് മീഡിയ കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.