അബുദാബി: ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് (61) പുതിയ യുഎഇ പ്രസിഡന്റായി അധികാരമേറ്റു. അന്തരിച്ച ഷെയ്ഖ് ഖലീഫയുടെ അര്‍ധ സഹോദരനായ അദ്ദേഹം ഇതുവരെ അബുദാബി കിരീടാവകാശിയായിരുന്നു. യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ 7 എമിറേറ്റുകളിലെയും ഭരണാധികാരികള്‍ പങ്കെടുത്ത ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ യോഗമാണു പ്രസിഡന്റിനെ ഏകകണ്ഠമായി തീരുമാനിച്ചത്. സര്വസൈന്യാധിപന്, അബുദാബി ഭരണാധികാരി എന്നീ പദവികളും ഇനി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനാണ്. പുതിയ കിരീടാവകാശിയെ പിന്നാലെ തീരുമാനിക്കും.
യുഎഇ സ്ഥാപകനും രാഷ്ട്ര പിതാവുമായ ഷെയ്ഖ് സായിദിന്റെയും രാഷ്ട്ര മാതാവ് ഫാത്തിമ ബിന്ത് മുബാറക് അല്‍ കെത്ബിയുടെയും മകനാണു ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്. ഇന്ത്യയുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന അദ്ദേഹമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഈയിടെ ഒപ്പിട്ട സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ വേഗത്തില്‍ നടപ്പാക്കാന്‍ മുന്‍കയ്യെടുത്തത്.