ന്യൂഡല്‍ഹി: യുദ്ധഭീതി നിലനില്‍ക്കുന്ന യുക്രെയ്‌നില്‍നിന്ന്, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള പൗരന്മാരോട് ഉടന്‍ മടങ്ങാന്‍ ഇന്ത്യ ആവശ്യപ്പെട്ടു. യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി ജീവനക്കാരുടെ കുടുംബാംഗങ്ങളെയും നാട്ടിലേക്ക് അയയ്ക്കും.
‘യുക്രെയ്‌നിലെ സ്ഥിതിയുമായി ബന്ധപ്പെട്ട് പിരിമുറുക്കങ്ങളും അനിശ്ചിതത്വങ്ങളും തുടരുന്നതിനാല്‍, അവിടെ തുടരുന്നത് അനിവാര്യമല്ലെങ്കില്‍, എല്ലാ ഇന്ത്യന്‍ പൗരന്മാരോടും വിദ്യാര്‍ഥികളോടും താല്‍കാലികമായി യുക്രെയ്ന്‍ വിടാന്‍ നിര്‍ദേശിക്കുന്നു’ – യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.
വിവരങ്ങളും സഹായവും ആവശ്യമുള്ള യുക്രെയ്‌നിലെ ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയവുമായോ അല്ലെങ്കില്‍, കണ്‍ട്രോള്‍ റൂം വഴിയോ ബന്ധപ്പെടാം. യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങള്‍ ഫെബ്രുവരി 22, 24, 26 തീയതികളില്‍ യുക്രെയ്‌നിലേക്ക് സര്‍വീസ് നടത്തും. നേരത്തേ ആളുകള്‍ക്ക് വിമാന ടിക്കറ്റ് ലഭിക്കാത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
യുക്രെയ്നില്‍ നിന്ന് വിദ്യാര്‍ഥികള്‍ അടക്കം എല്ലാ ഇന്ത്യക്കാരും താല്‍കാലികമായി നാട്ടിലേക്ക് മടങ്ങണമെന്ന് കീവിലെ ഇന്ത്യന്‍ എംബസി നേരത്തെ അറിയിച്ചിരുന്നു.