കീവ്: യുക്രെയ്‌നില്‍ റഷ്യ പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ തുടര്‍ച്ചയായ മൂന്നാംതവണയും പ്രാബല്യത്തിലായില്ല. റഷ്യ മുന്നോട്ടുവച്ച ഒഴിപ്പിക്കല്‍ പാത അംഗീകരിക്കില്ലെന്ന് യുക്രെയ്ന്‍ നിലപാടെടുത്തു. സൂമിയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കാനുള്ള നീക്കവും ഇതോടെ ഉപേക്ഷിച്ചു.
ജനങ്ങളെ ഒഴിപ്പിക്കാനായി സൂമി, മരിയുപോള്‍, കീവ്, ഹര്‍കീവ് എന്നിവിടങ്ങളിലാണ് റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഈ നഗരങ്ങളില്‍ നിന്ന് ജനങ്ങളെ കൊണ്ടുപോകേണ്ട പാതയും റഷ്യ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കീവില്‍നിന്നുള്ളവരെ ബെലാറൂസിലും ഹര്‍കീവില്‍നിന്നുള്ളവരെ റഷ്യയിലേക്കുമാണ് കൊണ്ടുപോകേണ്ടത്. ഈ പാതകള്‍ ഒരിക്കലും സ്വീകാര്യമല്ലെന്നും റഷ്യ, യുക്രെയ്ന്‍ ജനതയുടെ ജീവന്‍ വച്ച് വിലപേശുകയാണെന്നും യുക്രെയ്ന്‍ ആരോപിച്ചു.
വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ എംബസിയുടെ വാഹനങ്ങള്‍ സൂമിയില്‍ എത്തി. അഞ്ചു ബസുകളിലായി വിദ്യാര്‍ഥികളെ കയറ്റിയെങ്കിലും പാത സുരക്ഷിതമല്ലെന്ന വിവരത്തെ തുടര്‍ന്ന് ഇവരെ തിരിച്ചിറക്കുകയായിരുന്നു. യുക്രെയ്ന്‍- റഷ്യ പ്രതിനിധികള്‍ തമ്മില്‍ മൂന്നാംവട്ട ചര്‍ച്ച ബെലാറൂസില്‍ തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ കൂടുതല്‍ ഉപാധികള്‍ മുന്നോട്ടുവച്ചു. വ്യാഴാഴ്ച റഷ്യ-യുക്രെയ്ന്‍ വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ച നടത്തും.