കീവ്: യുക്രെയ്‌നിലെ സുമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഇരുനൂറോളം മലയാളികളും ഇക്കൂട്ടത്തിലുണ്ട്. 12 ബസുകളിലായി ഇന്ത്യന്‍ സംഘം പോള്‍ട്ടോവ അതിര്‍ത്തിയിലേക്കു നീങ്ങുകയാണ്. ബുധനാഴ്ച വൈകീട്ടോടെ നാട്ടിലെത്തും. മൈക്കൊലേവ് തുറമുഖത്ത് കുടുങ്ങിയ 52 ഇന്ത്യന്‍ നാവികരെ ഒഴിപ്പിച്ചു. അവശേഷിക്കുന്ന 23 നാവികരെക്കൂടി ഒഴിപ്പിക്കുമെന്നു യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
റഷ്യയുടെ വെടിനിര്‍ത്തലിന് ഒടുവില്‍ യുക്രെയ്ന്‍ പച്ചക്കൊടി കാട്ടിയതോടെ, പലതവണ മുടങ്ങിയ സുമിയിലെ രക്ഷാദൗത്യം യാഥാര്‍ഥ്യമാവുകയായിരുന്നു. ഇതോടെ ഓപ്പറേഷന്‍ ഗംഗ വിജയകരമായ അന്തിമഘട്ടത്തിലേയ്ക്ക് അടുക്കുകയാണ്. പോരാട്ടം രൂക്ഷമായ സുമിയില്‍ 694 ഇന്ത്യക്കാരാണു കുടുങ്ങിയിരുന്നത്.
ഇവരെ 12 ബസുകളിലായി ഇന്ത്യന്‍ എംബസിയുടെയും റെഡ് ക്രോസിന്റെയും വാഹനങ്ങളുടെ അകമ്പടിയോടെ പോള്‍ട്ടോവ വഴി പടിഞ്ഞാറന്‍ അതിര്‍ത്തിലേയ്ക്ക് കൊണ്ടുപോവുകയാണ്. പത്തുമണിക്കൂറില്‍ കൂടുതല്‍ യാത്രയുണ്ടെന്നാണ് കണക്കുകൂട്ടല്‍. അപായഭീഷണിയുള്ളതിനാല്‍ ഏറെ കരുതലോടെയാണ് എംബസിയുടെ നീക്കം.
അയല്‍രാജ്യങ്ങളില്‍ എത്തിച്ച് പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും. നേപ്പാള്‍, ബംഗ്ലദേശ്, പാക്കിസ്ഥാന്‍, ടുണീഷ്യ എന്നിവിടങ്ങളിലെ പൗരന്മാരെയും ഇതോടൊപ്പം ഇന്ത്യ ഒഴിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും നേരിട്ട് രക്ഷാദൗത്യം നിരീക്ഷിക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്.
മുന്‍കാല രക്ഷാദൗത്യങ്ങളെ അപേക്ഷിച്ച് യുക്രെയ്‌നിലേത് അതീവ സങ്കീര്‍ണമായിരുന്നെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. 52 നാവികരെ റോഡുമാര്‍ഗം ബസുകളിലാണ് ഒഴിപ്പിച്ചത്. ഇനിയൊരു വെടിനിര്‍ത്തലിന്റെ സാഹചര്യമുണ്ടാകുമോയെന്ന് വ്യക്തമല്ലാത്തതിനാല്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 410 ഇന്ത്യക്കാരുമായി 2 വിമാനങ്ങള്‍ റുമാനിയയില്‍നിന്ന് യാത്ര തിരിച്ചു.