കീവ്: മരിയുപോളിനു സമീപം റഷ്യന്‍ നിയന്ത്രണത്തിലുള്ള ബെര്‍ദ്യാന്‍സ്‌ക് തുറമുഖത്ത് റഷ്യന്‍ കപ്പലുകള്‍ തകര്‍ത്ത് യുക്രെയ്ന്‍ സേന. യുക്രെയ്ന്‍ സൈന്യം പങ്കുവച്ച വിഡിയോയില്‍ തുറമുഖത്ത് കിടക്കുന്ന റഷ്യന്‍ യുദ്ധക്കപ്പലായ ഓര്‍സ്‌ക് കത്തിയമരുന്ന ദൃശ്യങ്ങള്‍ കാണാം. സമീപമുള്ള രണ്ടു കപ്പലുകള്‍ക്കും കേടുപാടുണ്ട്.
സൈന്യത്തിനാവശ്യമായ സാമഗ്രികള്‍ എത്തിക്കാന്‍ റഷ്യ ഉപയോഗിച്ചിരുന്ന തുറമുഖമാണ് ബെര്‍ദ്യാന്‍സ്‌ക്. ഓര്‍സ്‌ക് കപ്പല്‍ തുറമുഖത്തെത്തി നങ്കൂരമിടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞയാഴ്ച റഷ്യന്‍ ടിവി ചാനലുകള്‍ വലിയ നേട്ടമായി അവതരിപ്പിച്ചിരുന്നു. സ്‌ഫോടനത്തില്‍ ഓര്‍സ്‌ക് പൂര്‍ണമായും നശിച്ചു. തുറമുഖത്തെ മറ്റു കപ്പലുകളുടെ നാശനഷ്ടം എത്രയെന്നു വ്യക്തമല്ല.
നാറ്റോ കൂടുതല്‍ സൈനികസഹായം നല്‍കണമെന്നു യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു. പോരാടുന്നതു മുഴുവന്‍ യൂറോപ്പിനും വേണ്ടിയാണെന്നു പറഞ്ഞ സെലെന്‍സ്‌കി, യുക്രെയ്‌നിനു യൂറോപ്യന്‍ യൂണിയനില്‍ പൂര്‍ണ അംഗത്വം നല്‍കണമെന്നും ആവശ്യപ്പെട്ടു. മറ്റൊരു വിഡിയോയില്‍ ജീവന്‍ നഷ്ടമാകും മുന്‍പ് റഷ്യക്കാരോടു യുക്രെയ്ന്‍ വിട്ടുപോകാന്‍ സെലെന്‍സ്‌കി ആഹ്വാനം ചെയ്തു.