കീവ്: യുക്രെയ്‌നില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി. റഷ്യ കിഴക്കന്‍ യുക്രെയ്‌നില്‍ സന്നാഹം കൂട്ടുന്നതിന്റെ പശ്ചാത്തലത്തില്‍ മുന്‍കൂട്ടി അറിയിക്കാതെയുള്ള ഈ സന്ദര്‍ശനം സുപ്രധാനമാണ്.
യുക്രെയ്‌നിന് ആവശ്യമായ എല്ലാ ആയുധങ്ങളും ബ്രിട്ടന്‍ ജി 7 പങ്കാളികളുമൊത്ത് ലഭ്യമാക്കുമെന്നും പുട്ടിന്റെ പരാജയം ഉറപ്പാക്കുന്നതിന് റഷ്യയുടെ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളെയും ബാധിക്കുന്ന ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം ജോണ്‍സന്‍ ട്വീറ്റ് ചെയ്തു. യുക്രെയ്‌നിനും അവിടെനിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്കുമായി 100 കോടി യൂറോ സഹായം യൂറോപ്യന്‍ കമ്മിഷന്‍ വാഗ്ദാനം ചെയ്യുന്നതായി ഇയു എക്‌സിക്യുട്ടീവ് ഉര്‍സുല വാന്‍ഡെര്‍ലെയ്ന്‍ ബ്രസ്സല്‍സില്‍ അറിയിച്ചു.
കീവില്‍ നിന്നും മറ്റും പിന്മാറിയ റഷ്യന്‍ സേന കിഴക്കന്‍ മേഖലയില്‍ ആക്രമണം ശക്തമാക്കുന്നതായി സൂചന ലഭിച്ചതോടെ യുക്രെയ്‌നിന്റെ കിഴക്കന്‍ മേഖലയായ ലുഹാന്‍സ്‌കില്‍ നിന്ന് എത്രയും വേഗം രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. മേഖലയിലെങ്ങും വ്യോമാക്രമണ മുന്നറിയിപ്പ് പലതവണ മുഴങ്ങി. ഡോനെട്‌സ്‌ക് മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരുന്ന ക്രമതോര്‍സ്‌ക് റെയില്‍വേ സ്റ്റേഷനിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി. മധ്യ-കിഴക്കന്‍ യുക്രെയ്‌നിലെ മിര്‍ഹൊറോദ് വ്യോമത്താവളം റഷ്യന്‍ സേന തകര്‍ത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്‌നിലെ ‘പ്രത്യേക നടപടി’ ലക്ഷ്യം കണ്ടെന്നും വൈകാതെ അവസാനിക്കുമന്നും റഷ്യ വ്യക്തമാക്കി.
ബുച്ച കൂട്ടക്കൊല ആരോപണത്തിനു പിന്നാലെ ക്രമതോര്‍സ്‌ക് മിസൈല്‍ ആക്രമണവും യുദ്ധക്കുറ്റമായി കാണണമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വാന്‍ഡെര്‍ലെയ്ന്‍ പറഞ്ഞു. യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന യുദ്ധം മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടേക്കാമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് മുന്നറിയിപ്പ് നല്‍കി.