കീവ്: യുക്രെയ്‌നിലെ കിഴക്കന്‍ തുറമുഖനഗരമായ മരിയുപോള്‍ പൂര്‍ണമായും പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. അസോവ് കടല്‍ത്തീരത്തെ ഉരുക്കുനിര്‍മാണശാല ഒളിത്താവളമാക്കിയ യുക്രെയ്ന്‍ സൈനികരോടു കീഴടങ്ങാന്‍ അന്ത്യശാസനവും നല്‍കി. നഗരത്തിന്റെ 80 ശതമാനവും റഷ്യയുടെ നിയന്ത്രണത്തിലാണെന്നാണു റിപ്പോര്‍ട്ട്.
മരിയുപോള്‍ വീണേക്കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളിഡിമിര്‍ സെലെന്‍സ്‌കിയും സൂചന നല്‍കി. നഗരത്തിന്റെ ചെറിയ ഭാഗം മാത്രമേ തങ്ങളുടെ നിയന്ത്രണത്തിലുള്ളൂവെന്നും യുക്രെയ്ന്‍ സൈനികരുടെ എണ്ണം ആറിലൊന്നായി ചുരുങ്ങിയെന്നും സെലെന്‍സ്‌കി പറഞ്ഞു.
റഷ്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഡോണ്‍ബാസ് മേഖലയിലെ പ്രധാന തുറമുഖമാണു മരിയുപോള്‍. യുദ്ധം ആരംഭിച്ചതിനുശേഷം ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലും ദുരിതവുമുണ്ടായത് ഇവിടെയാണ്. കീഴടങ്ങല്‍ സ്ഥിരീകരിച്ചാല്‍, റഷ്യയുടെ നിയന്ത്രണത്തിലാകുന്ന ആദ്യ പ്രധാന യുക്രെയ്ന്‍ നഗരമാവും മരിയുപോള്‍. അതിനിടെ കീവ്, ഹര്‍കീവ് എന്നീ നഗരങ്ങള്‍ അടക്കം യുക്രെയ്‌നിന്റെ മറ്റു മേഖലകളില്‍ ഇന്നലെയും റഷ്യ മിസൈലാക്രമണം തുടര്‍ന്നു. ഹര്‍കീവില്‍ 9 പേര്‍ കൊല്ലപ്പെട്ടു.