ന്യൂയോര്‍ക്ക്: യൂറോപ്പിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. പോളണ്ട്, ജര്‍മനി എന്നിവിടങ്ങളിലേക്കാണ് 2,000 സൈനികരെക്കൂടി അയയ്ക്കാന്‍ തീരുമാനമായത്. ജര്‍മനിയിലുള്ള 1,000 സൈനികരെ റൊമേനിയയിലേക്കും അയയ്ക്കും. ഇതു കൂടാതെ ഏതു നിമിഷവും യൂറോപ്പിലേക്ക് അയയ്ക്കാന്‍ 8,500 സൈനികരെ ആണ് സജ്ജരാക്കി നിര്‍ത്തിയിരിക്കുന്നത്.
നാറ്റോ സഖ്യത്തെ ബാധിക്കുന്ന ഏതുകാര്യവും യുഎസിനെയും ബാധിക്കുന്നതാണെന്നും സൈന്യത്തെ അയയ്ക്കുന്നത് റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കാനാണെന്നും പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. യുഎസ് സൈനികരെ വിന്യസിച്ചിരിക്കുന്നത് ഏറ്റുമുട്ടുന്നതിനല്ലെന്നും യുഎസ് സഖ്യകക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനാണെന്നും പെന്റഗണ്‍ അറിയിച്ചു.
ഒരു ലക്ഷം സൈനികരെയാണ് റഷ്യ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. എന്നാല്‍ യുക്രെയ്‌നില്‍ അധിനിവേശം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യ ആവര്‍ത്തിച്ചു പറയുന്നുമുണ്ട്. യുഎസിന്റെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിനൊപ്പം യുക്രെയ്ന്‍ ചേരുന്നതിനെ റഷ്യ ശക്തമായി എതിര്‍ക്കുകയാണ്. സമാധാനം നിലനിര്‍ത്താന്‍ യുക്രെയ്ന്‍ ശ്രമിക്കുന്നില്ലെന്നും റഷ്യ കുറ്റപ്പെടുത്തി. ബുധനാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഫോണില്‍ സംസാരിച്ചു. റഷ്യ യുക്രെയ്‌നിന്റെ തലയ്ക്ക് മുകളില്‍ തോക്ക് വച്ചിരിക്കുകയാണെന്ന് ബോറിസ് ജോണ്‍സന്‍ നേരത്തെ ആരോപിച്ചിരുന്നു.