കീവ്: യുദ്ധം പ്രവചനാതീതമായി രൂക്ഷമാകുമെന്ന സൂചന നല്‍കി യുക്രെയ്‌നില്‍ റഷ്യ ആക്രമണം തുടരുന്നു. 24 മണിക്കൂറില്‍ നാല്‍പതോളം പട്ടണങ്ങളിലാണു മിസൈലാക്രമണം നടന്നത്. യുക്രെയ്‌നിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താന്‍ നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ സഹായിക്കും. ആവശ്യമായ വ്യോമപ്രതിരോധത്തിന്റെ 10 % മാത്രമാണ് ഇപ്പോള്‍ യുക്രെയ്‌നിന് ഉള്ളതെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.
യുക്രെയ്‌നിന് ആയുധസഹായം നല്‍കുന്നത് യുദ്ധത്തില്‍ പങ്കെടുക്കുന്നതിനു തുല്യമായി കരുതുമെന്ന മുന്നറിയിപ്പ് റഷ്യ ആവര്‍ത്തിച്ചു. യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെട്ട സൈനികസഖ്യമായ നാറ്റോയില്‍ യുക്രെയ്‌നിന് അംഗത്വം നല്‍കുന്നതു മൂന്നാം ലോകയുദ്ധം ക്ഷണിച്ചുവരുത്തുമെന്ന് റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡപ്യൂട്ടി സെക്രട്ടറി അലക്‌സാണ്ടര്‍ വെനഡിക്ടോവ് പറഞ്ഞു. തലസ്ഥാനമായ കീവില്‍ ഇറാന്‍ നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തി. റഷ്യയ്ക്കു ഡ്രോണ്‍ നല്‍കിയിട്ടില്ലെന്നാണ് ഇറാന്റെ നിലപാട്.
ഇതിനിടെ, ഹിതപരിശോധന നടത്തി റഷ്യ കൂട്ടിച്ചേര്‍ത്തതായി അവകാശപ്പെടുന്ന ഹേര്‍സനില്‍ ആക്രമണം രൂക്ഷമായെന്നും ജനങ്ങള്‍ സുരക്ഷിത ഇടങ്ങളിലേക്കു മാറണമെന്നും റഷ്യയെ പിന്തുണയ്ക്കുന്ന ഗവര്‍ണര്‍ നിര്‍ദേശിച്ചു. ജനങ്ങള്‍ക്ക് അഭയം നല്‍കാനായി റഷ്യയുടെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.