കീവ്: സൈനികനീക്കം ആരംഭിച്ചതു മുതല്‍ റഷ്യ 203 ആക്രമണങ്ങള്‍ നടത്തിയെന്ന് യുക്രെയ്ന്‍. യുക്രെയ്നിലുടനീളം പോരാട്ടം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. 14 പേരുമായി വന്ന യുക്രെയ്ന്‍ സൈനിക വിമാനം തലസ്ഥാനമായ കീവിന്റെ തെക്ക് ഭാഗത്ത് തകര്‍ന്നുവീണു. സുമി, കാര്‍ക്കീവ്, കെര്‍സണ്‍, ഒഡെസ മേഖലകളിലും കീവിനടുത്തുള്ള സൈനിക വിമാനത്താവളത്തിലും കടുത്ത പോരാട്ടം നടക്കുന്നുണ്ട്.
ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തിലായി. യുക്രെയ്നിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ റഷ്യ തകര്‍ത്തു. റഷ്യന്‍ ആക്രമണത്തില്‍ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടു. യുദ്ധസാഹചര്യത്തില്‍ ജനങ്ങള്‍ ബങ്കറുകളിലേക്കു മാറുകയാണ്. തലസ്ഥാന നഗരിയായ കീവില്‍ നിന്നാണ് കൂടുതല്‍ പലായനം. നിപ്രോ, കാര്‍ക്കീവ്, അടക്കം വിവിധ നഗരങ്ങളില്‍ ജനങ്ങള്‍ ബങ്കറുകളിലേക്ക് മാറി സുരക്ഷിതത്വം തേടി തുടങ്ങി. നിത്യോപയോഗ സാധനങ്ങള്‍ ശേഖരിച്ച് കൂട്ടാനായി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്കാണ്. പണം പിന്‍വലിക്കാന്‍ എടിഎമ്മുകളിലും നീണ്ടനിര കാണാം. സൈനിക നീക്കത്തിന്റെ ആദ്യദിനം വിജയകരമാണെന്നു റഷ്യന്‍ സൈന്യം അറിയിച്ചു.
റഷ്യയുടെ സൈനിക നടപടിക്കു പിന്നാലെ നാറ്റോ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രതിരോധ പദ്ധതികള്‍ സജീവമാക്കി. റഷ്യയ്ക്കെതിരായ പുതിയ ഉപരോധങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ജി7 സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, റഷ്യയുടെ സുരക്ഷാ പ്രശ്നങ്ങളില്‍ ‘ന്യായമായ ആശങ്കകള്‍’ മനസ്സിലാക്കുന്നതായി ചൈന റഷ്യന്‍ വിദേശകാര്യ മന്ത്രിയോട് പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ യുദ്ധപ്രഖ്യാപനത്തിനു മണിക്കൂറുകള്‍ക്കകം യുക്രെയ്‌നിലെ വ്യോമത്താവളങ്ങളും പ്രതിരോധസംവിധാനങ്ങളും നിര്‍വീര്യമാക്കിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്‌നിലെ വ്യോമത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയ ആക്രമണ-പ്രതിരോധ സംവിധാനങ്ങളെല്ലാം തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. യുദ്ധം പ്രഖ്യാപിച്ചു നടത്തിയ പ്രസ്താവനയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പ്രതിരോധത്തിന് യുക്രെയ്ന്‍ സൈന്യം മുതിരരുതെന്നും ആയുധം വച്ച് കീഴടങ്ങണമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.