ന്യൂഡല്‍ഹി: റഷ്യ – യുക്രെയ്ന് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നിലപാടില്‍ കടുത്ത അതൃപ്തിയുണ്ടെന്ന് ഇന്ത്യയിലെ യുക്രെയ്ന് അംബാസഡര്‍ ഇഗോര്‍ പോലിഖ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് വിലമതിക്കുന്ന ചുരുക്കം ചില നേതാക്കളിലൊരാളാണു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ബന്ധമുപയോഗിച്ച് സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യയ്ക്കു ശ്രമിക്കാവുന്നതാണ്. സംഘര്‍ഷം സംബന്ധിച്ച് ഇന്ത്യ പുലര്‍ത്തുന്ന സമീപനം യുക്രെയ്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയുണ്ട് – ഇഗോര്‍ പറഞ്ഞു. സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യുഎന്‍ സുരക്ഷാ സമിതി യോഗത്തില്‍ റഷ്യന്‍ നടപടിയെ ഇന്ത്യ അപലപിക്കാത്തതിനെ പാശ്ചാത്യ മാധ്യമങ്ങള്‍ വിമര്‍ശിച്ചിരുന്നു.