കീവ്: യുക്രെയ്‌നെ നാലു ഭാഗത്തുനിന്നും വളഞ്ഞ്, മുന്നേറ്റം തുടരാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കി റഷ്യ. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ തിങ്കളാഴ്ച വരെ കര്‍ഫ്യൂ നീട്ടിയതിനു പിന്നാലയാണ് റഷ്യയുടെ നടപടിയെന്നു വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ടു ചെയ്തു. കീവില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുണ്ടാകില്ലെന്നു മേയര്‍ അറിയിച്ചു. ഹാര്‍കിവില്‍ യുക്രെയ്ന്‍-റഷ്യന്‍ സേനകള്‍ തമ്മില്‍ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്.
യുക്രെയ്‌നില്‍ മൂന്നാം ദിവസവും ആക്രമണം തുടരുന്ന റഷ്യ, തലസ്ഥാനമായ കീവ് പിടിക്കാനുള്ള ശ്രമം ശക്തമാക്കി. കീവ് പൊരുതി നില്‍ക്കുകയാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. യുക്രെയന്‍ ചര്‍ച്ചക്ക് തയാറാവുന്നില്ലെന്ന് റഷ്യ കുറ്റപ്പെടുത്തി.
വടക്ക് കീവിലും വടക്കുകിഴക്ക് ഹര്‍കീവിലും തെക്ക് ഖേഴ്‌സണിലുമാണ് റഷ്യ ആക്രമണം കടുപ്പിച്ചത്. കീവിന്റെ ഹൃദയഭാഗമായ മെയ്ഡന്‍ ചത്വരത്തില്‍ നിന്ന് 400 അടി അകലെ വരെ പോരാട്ടം നടക്കുന്നതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കീവ് പൂര്‍ണമായും യുക്രെയന്‍ പട്ടാളത്തിന്റെ നിയന്ത്രണത്തിലാണെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അവകാശപ്പെട്ടു.