
ന്യൂഡല്‍ഹി: മോസ്‌കോയിലെ ഇന്ത്യന്‍ എംബസി സംഘം യുക്രെയ്ന്‍ അതിര്‍ത്തിലേക്ക് തിരിച്ചതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല അറിയിച്ചു. ഹര്‍കീവിനടുത്തുള്ള റഷ്യ അതിര്‍ത്തിയില്‍ സംഘം എത്തും. ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി അടുത്ത മൂന്നു ദിവസം 26 വിമാനങ്ങള്‍ ബുഡാപേസ്റ്റ്, ബുക്കാറസ്റ്റ് എന്നിവിടങ്ങളിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
പോളണ്ട്, സ്ലോവാക്യ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും ഉപയോഗിക്കും. സി7 വിമാനം ബുധനാഴ്ച റുമാനിയയിലേക്ക് എത്തും. വ്യോമസേനാ വിമാനങ്ങള്‍ ബുധനാഴ്ച മുതല്‍ രക്ഷാദൗത്യത്തില്‍ പങ്കെടുക്കും.
ആദ്യ മുന്നറിയിപ്പ് നല്‍കിയ സമയത്ത് യുക്രെയിനില്‍ ഏതാണ്ട് 20,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. അതില്‍ 12,000 ഇന്ത്യക്കാര്‍ ഇതുവരെ യുക്രെയ്ന്‍ വിട്ടു. അത് ഏകദേശം 60 ശതമാനം വരും. അതില്‍ 40 ശതമാനം പേര്‍ സംഘര്‍ഷം രൂക്ഷമായ ഹര്‍കീവ്, സുമി മേഖലകളിലാണ്. ബാക്കിയുള്ളവര്‍ യുക്രെയ്‌ന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ എത്തുകയോ അവിടേക്ക് പുറപ്പെടുകയോ ചെയ്തിട്ടുണ്ട്.
ഹര്‍കീവ്, സുമി മേഖലയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ പ്രഥമ പരിഗണന നല്‍കും. യുക്രെയ്‌ന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്കും കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അയയ്ക്കും. കീവില്‍ ഇനി ഇന്ത്യക്കാര്‍ ആരും ഇല്ലെന്നാണ് അന്വേഷണത്തില്‍നിന്ന് വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.