തിരുവനന്തപുരം: മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരീനാഥന് ജാമ്യം ലഭിച്ചത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ശബരീനാഥനെ ജയിലില്‍ അടയ്ക്കാനുള്ള ഗൂഢാലോചന തകര്‍ന്നു. സ്വര്‍ണക്കടത്തു കേസില്‍ നിന്നു വഴിതിരിച്ച് വിടാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ വീണ്ടും അമിത അധികാര കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
”ശബരീനാഥനെ ജയിലില്‍ അടയ്ക്കാനുള്ള ഗൂഢാലോചനയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയത്. ഇതൊരു പ്രതിഷേധം മാത്രമാണെന്ന് ആദ്യത്തെ പ്രതികള്‍ക്ക് ജാമ്യം നല്‍കികൊണ്ട് ഹൈക്കോടതി വളരെ വ്യക്തമായി പറഞ്ഞതാണ്. ഇതൊരു വധശ്രമം ആയിരുന്നില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വധശ്രമത്തിനുള്ള വകുപ്പ് ഉള്‍പ്പെടുത്തി ശബരീനാഥനെ ജയിലില്‍ അടയ്ക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചനയാണ് ജാമ്യം ലഭിച്ചതിലൂടെ തകര്‍ന്നത്” – സതീശന്‍ പറഞ്ഞു.