തിരുവനന്തപുരം: അംഗത്വവിതരണത്തിന്റെ കാലാവധി കഴിഞ്ഞിട്ടും ലക്ഷ്യമിട്ട കണക്കൊപ്പിക്കാനാകാതെ കോണ്‍ഗ്രസ്. സജീവ അംഗത്വം ഒഴിവാക്കിയതും ഗ്രൂപ്പുരഹിതരെ സൃഷ്ടിക്കാനുള്ള ശ്രമവും കോണ്‍ഗ്രസ് രാഷ്ട്രീയത്തെ നിര്‍ജീവമാക്കുന്ന പിഴവാണെന്ന വിമര്‍ശനമാണ് ഇപ്പോഴുയരുന്നത്.
ഡിജിറ്റലായി 13 ലക്ഷം പേരാണ് അംഗത്വമെടുത്തത്. 33 ലക്ഷം കടലാസ് അംഗത്വ ഫോറം നല്‍കിയിട്ടുണ്ടെങ്കിലും ഇത് എത്രമാത്രം തിരിച്ചെത്തുമെന്ന് ഉറപ്പില്ല. നേരത്തേ 38 ലക്ഷമായിരുന്നു അംഗങ്ങള്‍. ഇത് 25 ലക്ഷത്തിലെത്തിയാല്‍ ഭാഗ്യമെന്നാണ് നേതാക്കളുടെ പ്രതികരണം.
നേരത്തേ കോണ്‍ഗ്രസില്‍ ഭാരവാഹികളാകാന്‍ ഒരാള്‍ ‘ആക്ടീവ് അംഗം’ ആകണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. പാര്‍ട്ടിയിലേക്ക് 25 അംഗങ്ങളെ ചേര്‍ക്കുന്നവരാണ് ഇവര്‍. ആ വ്യവസ്ഥ എ.ഐ.സി.സി. ഒഴിവാക്കി. പ്രാഥമിക അംഗത്വമുള്ളയാള്‍ക്ക് ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാമെന്ന ഭേദഗതി കൊണ്ടുവന്നു. ഇതിനുശേഷം നടക്കുന്ന അംഗത്വ വിതരണമാണിത്.