ന്യൂഡല്‍ഹി: നേതാക്കള്‍ക്ക് പാര്‍ട്ടിയെകുറിച്ച് പഠിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാന്‍ കോണ്‍ഗ്രസ്. ഇന്ന് സമാപിച്ച ചിന്തന്‍ ശിബിരിലാണ് ഇതേകുറിച്ചുള്ള തീരുമാനം എടുത്തത്. കോണ്‍ഗ്രസ് എന്താണ്, പാര്‍ട്ടിയുടെ രീതികള്‍ എന്താണ് എന്നിവ കൂടാതെ കോണ്‍ഗ്രസ് ആശയങ്ങളും പാര്‍ട്ടിയിലെ നേതാക്കളെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിപ്പിക്കും. എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടിയെകുറിച്ച് അറിയാനുള്ള ഒരു വേദിയായി ഇന്‍സ്റ്റിറ്റ്യൂട്ട് മാറുമെന്ന് സോണിയാ ഗാന്ധി സൂചിപ്പിച്ചു.
ഇതിനുപുറമേ രാജ്യത്തെ ഒരുമിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഭാരത് യാത്ര സംഘടിപ്പിക്കും. മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന ജാഥ രാജ്യമൊട്ടാകെ സഞ്ചരിച്ച് ജനങ്ങളുടെ വികാരം മനസിലാക്കാന്‍ ശ്രമിക്കുമെന്ന് സോണിയ ഗാന്ധി പറഞ്ഞു.
തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ദേശീയ തലത്തില്‍ തിരഞ്ഞെടുപ്പ് സമിതികള്‍ രൂപവത്കരിക്കും. ഭാവിയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുക ഈ സമിതിയായിരിക്കും. ഇതിനോടൊപ്പം ദേശീയ അധ്യക്ഷനെ ഉപദേശിക്കുന്നതിന് വേണ്ടി ഒരു ഉപദേശക സമിതി, ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലും രാഷ്ട്രീയകാര്യ സമിതി എന്നിവയും രൂപീകരിക്കും.
യുവജനങ്ങള്‍ക്ക് പാര്‍ട്ടിയുടെ സമിതികളില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി യുവാക്കള്‍ക്ക് അമ്പത് ശതമാനം പങ്കാളിത്തം കോണ്‍ഗ്രസ് സമിതികളില്‍ ഉറപ്പാക്കും. ഒറ്റപദവി കര്‍ശനമായി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. കുടുംബത്തിലെ ഒരംഗത്തിന് മാത്രമായിരിക്കും ഇനി മുതല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുക. എന്നാല്‍ കുടുംബത്തിലെ രണ്ടാമത്തെ അംഗത്തിന് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുണ്ടെങ്കില്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കും.