കൊച്ചി: ജി.പി.എസ് സര്‍വെ നടത്തിയാലും കെ റെയിലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന്റെ അടയാളമായി മഞ്ഞക്കുറ്റി മ്യൂസിയത്തില്‍ സൂക്ഷിക്കണം. ഭൂമിയില്‍ കല്ലിടാന്‍ നടന്നവര്‍ ആകാശത്തില്‍ കൂടി സര്‍വെ നടത്താന്‍ പോവുകയാണെന്നു പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
ഭൂമിയില്‍ ഇറങ്ങാന്‍ പറ്റാത്തത് കൊണ്ടാണ് ജിപിഎസ് സര്‍വേ എന്ന് പറയുന്നത്. ഇതും യുഡിഎഫ് തടയുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
തൃക്കാക്കരയില്‍ നടക്കുന്നത് വികസന വിരുദ്ധരും വികസനവാദികളും തമ്മിലുള്ള മത്സരമാണെന്ന് കോടിയേരിക്ക് തിരുവനന്തപുരത്തിരുന്ന് പറയാന്‍ കൊള്ളാം. എറണാകുളത്ത് വന്ന് പറയാന്‍ പറ്റില്ല. എറണാകുളം ജില്ലയില്‍ ആരാണ് വികസനം നടത്തിയതെന്ന് തെളിയിക്കാന്‍ യു.ഡി.എഫ് വെല്ലുവിളിച്ചിരുന്നു. കണക്കുകള്‍ സഹിതമാണ് വെല്ലുവിളിച്ചത്. വിമാനത്താവളവും കലൂര്‍ സ്റ്റേഡിയവും ഗോശ്രീപദ്ധതിയും മെട്രോ റെയിലുമൊക്കെ കൊണ്ടു വന്നപ്പോള്‍ സമരം ചെയ്തവരാണ് സി.പി.എമ്മുകാര്‍. എല്‍.ഡി.എഫ് ഭരണകാലത്ത് ഈ ജില്ലയില്‍ കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതി ചൂണ്ടിക്കാട്ടാന്‍ കോടിയേരിക്ക് സാധിക്കുമോ? എന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയിലേക്ക് വന്നത് പണമില്ലാത്തതിനാല്‍ ഒരു കാര്യവും നടത്താനാകാത്തത് കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.